jose-k-mani

കോട്ടയം: കേരള കോൺഗ്രസ് -എമ്മിലെ അധികാര വടംവലി പാർട്ടിയെ പിളർപ്പിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് സൂചന. രണ്ടും കൽപ്പിച്ച് പി.ജെ. ജോസഫ് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ പാർട്ടി പിളർന്നാലും പ്രശ്നമില്ലായെന്ന കടുത്ത നിലപാടിൽ ജോസ് കെ.മാണി ഉറച്ചുനില്ക്കുകയാണ്. ജില്ലാ പ്രസിഡന്റുമാരെ അണിനിരത്തി ചെയർമാൻ സ്ഥാനം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോസ് കെ.മാണിയുടെ പ്രവർത്തനം. എന്നാൽ കെ.എം.മാണിയുടെ വിശ്വസ്തരിൽ പലരും പി.ജെ.ക്ക് പിന്തുണയുമായി എത്തിത്തുടങ്ങിയിട്ടുണ്ട്.

കെ.എം.മാണിയുടെ വിശ്വസ്തരെ അടർത്തിമാറ്റാനുള്ള ശ്രമത്തിൽ പി.ജെ. ജോസഫ് ഒരു പരിധിവരെ മുന്നോട്ടുപോയിക്കഴിഞ്ഞു. എക്കാലവും കെ.എം.മാണിയുടെ വിശ്വസ്തനായിരുന്ന സി.എഫ്.തോമസിന്റെ നിലപാടുതന്നെ ഇതിനുദാഹരണം. പാർട്ടിയിൽ ഐക്യമാണ് വേണ്ടതെന്ന സി.എഫിന്റെ ആദ്യ നിലപാട് പുറത്തുവന്നതോടെ ഔദ്യോഗികപക്ഷം പരിങ്ങലിലായി. മറ്റ് എം.എൽ.എമാരുടെ നിലപാട് അറിയാനിരിക്കുന്നതേയുള്ളൂ. മാണി വിഭാഗം നേതാക്കളെ കൂട്ടത്തോടെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ജോസഫ് വിഭാഗം. അങ്ങനെയെങ്കിൽ ചെയർമാനാകാനുള്ള ജോസ് കെ. മാണിയുടെ നീക്കം പൊളിയാനാണ് സാദ്ധ്യത.

അതേസമയം, യു.ഡി.എഫ് പി.ജെ.ജോസഫിന് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്. മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാർട്ടിയിൽ രൂപപ്പെട്ട കലഹം ശമിപ്പിച്ചത് യു.ഡി.എഫിന്റെ പ്രവർത്തനഫലമായാണ്. പ്രത്യേകിച്ച് കോൺഗ്രസിന്റെയും മുസ്ളീംലിഗിന്റെയും. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ പി.ജെ.ജോസഫിന് ഏറ്റ ക്ഷതം ജോസഫ് ഗ്രൂപ്പുകാർ മറന്നിട്ടില്ല. ഇനിയൊരു വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന നിലപാടിലാണ് ഇവർ. സി.എഫ്.തോമസിനെ പാർട്ടി ചെയർമാനാക്കുന്നതിൽ അഭിഭായവ്യത്യാസമില്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഒരു കാരണവശാലും ജോസ് കെ.മാണിയെ ചെയർമാൻ ആക്കാൻ ജോസഫ് ഗ്രൂപ്പുകാർ സമ്മതിക്കില്ല.എന്നാൽ സി.എഫ്.തോമസിനെ പാർലമെന്ററി പാർട്ടി ലീഡറാക്കി പ്രശ്നം പരിഹരിക്കാമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ കണക്കുകൂട്ടൽ. ഇതിന് സി.എഫ്. സമ്മതിക്കുമെന്ന് തോന്നുന്നില്ല. സി.എഫിനെ ചെയർമാനാക്കി പി.ജെ ജോസഫിന പാർലമെന്ററി പാർട്ടി നേതാവാക്കിയാൽ പ്രശ്നം തത്ക്കാലം പരിഹരിക്കപ്പെടും. എന്നാൽ അതിന് ജോസ് കെ മാണി സമ്മതിക്കുമെന്ന് തോന്നുന്നില്ല. ചുരുക്കത്തിൽ പാ‌ർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്കുള്ള സാധ്യത ഏറിയിരിക്കുകയാണ്.