modi

വാരണാസി: വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങവേ ഇന്ത്യ ഉറ്റുനോക്കുകയാണ് വാരണാസി മണ്ഡലത്തെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണ് വാരണാസി. ബി.ജെ.പിയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളിൽ ഒന്ന്. മോദി തരംഗം നിഷ്പ്രഭമാക്കാൻ കോൺഗ്രസും, എസ്.പി - ബി.എസ്.പി സഖ്യവും കടുത്ത പരിശ്രമത്തിലാണ്. ഉത്തർപ്രദേശിൽ കൂടുതൽ സീറ്റുകൾ പിടിച്ച് മാന്യമായ വിജയത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എന്നാൽ വാരണാസിയിൽ മോദിയെ വീഴ്‌ത്താൻ പറ്റിയ യാതൊരു തന്ത്രവും ഇതുവരെ കോൺഗ്രസിന് മെനയാനായില്ല എന്നാണ് രാഷ്ട്രീയ നീരീക്ഷകർ കരുതുന്നത്. വൻ ഭൂരിപക്ഷത്തിൽ ഇത്തവണയും മോദി വാരണാസിയിൽ വിജയിക്കും എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. മോദിയ്ക്ക് പുറമേ കോൺഗ്രസിന്റെ അജയ് റായി, സമാജ്‌വാദി പാർട്ടിയുടെ ശാലിനി യാദവ് എന്നിവർ ഉൾപ്പടെ ആകെ മുപ്പത് പേരാണ് ഇവിടെ സ്ഥാനാർത്ഥികൾ.

വാരണാസിയിൽ നിന്നുള്ള വിവാദങ്ങളും പ്രചാരണ തന്ത്രങ്ങളുമൊക്കെ ഇപ്പോൾ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുകയാണ്. പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ഇക്കൂട്ടത്തിൽ ഏറെ സംസാര വിഷയമായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച പ്രിയങ്ക വാരണാസിയിൽ മോദിയ്ക്കെതിരെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ കോൺഗ്രസ് അജയ് റായിയെ വീണ്ടും ഇവിടെ നിയോഗിക്കുകയായിരുന്നു. മോദിയ്ക്കെതിരെ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ മത്സരിക്കാൻ മുൻ ബി.എസ്.എഫ് ജവാൻ തേജ് ബഹദൂ‌ർ യാദവ് ഒരുങ്ങിയതും എന്നാൽ രേഖകൾ ഹാജരാക്കിയില്ലെന്ന കാരണത്താൽ പത്രിക തള്ളിയതും ചർച്ചയായിരുന്നു. പക്ഷേ, എന്തൊക്കെ ആയാലും വാരണാസിയിലെ മോദി പ്രഭാവത്തിന് മങ്ങലേൽപ്പിക്കാൻ കോൺഗ്രസിനോ മഹാസഖ്യത്തിനോ കഴിയില്ലെന്നാണ് ബി.ജെ.പിയുടെ ഉറച്ച വിശ്വാസം. ഇത്തവണ മോദിയുടെ ഭൂരിപക്ഷം കുത്തനെ കൂട്ടാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

അതേസമയം, മോദിയെ കടന്നാക്രമിക്കാൻ പ്രതിപക്ഷ പാർട്ടികൾക്കെല്ലാം ഒരേ സ്വരമാണ്. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ മോദി മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങളുടെ ലിസ്റ്റാണ് ബി.ജെ.പി നേതാക്കൾ നിരത്തുന്നത്. വാരണാസിയെ പൈതൃക നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ മോദി ആവിഷ്കരിച്ചിരുന്നു. ജപ്പാനുമായി ഇതിന് കരാർ ഒപ്പിട്ടിരുന്നു. എന്നാൽ വാരണാസിയെ പൈതൃക നഗരമാക്കാൻ തെരുവു വിളക്കുകൾ സ്ഥാപിക്കുക മാത്രമാണ് മോദി ചെയ്‌തതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ബനാറസ് ഹിന്ദു സർവകലാശാലയിൽ മദൻ മോഹൻ മാളവ്യ കാൻസർ സെന്റർ ആരംഭിച്ചത് മോദിയുടെ ശ്രമഫലമായാണെന്ന് ബി.ജെ.പി പറയുന്നു. ഗംഗാ നദിയുടെ ശുചീകരണത്തിലും മോദി പദ്ധതി ആവിഷ്‌കരിച്ചിരുന്നു. 2015ൽ 501 സൈക്കിൾ റിക്ഷകളും 101 ഇ- റിക്ഷകളും മോദി വാരണാസിയിൽ വിതരണം ചെയ്‌തിരുന്നു. മഹാമന എക്‌സ്‌‌പ്രസ്, ഗംഗാ നദിയിൽ ഇ - ബോട്ട് എന്നിവയുടെ സർവീസ് ആരംഭിക്കാൻ മോദി മുൻകൈയെടുത്തുവെന്നും ബി.ജെ.പി പറയുന്നു.

അതേസമയം, അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലാണ് താൻ മത്സരിക്കുന്നതെന്നും അതുകൊണ്ടുതന്നെ മോദിയ്ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാനാവുമെന്നും കോൺഗ്രസിലെ അജയ് റായി പറയുന്നു. സമാജ്‌വാദി പാർട്ടിയുടെ ശാലിനി യാദവ് ശക്തമായ പ്രചാരണ പ്രവർത്തനത്തിലാണ്.

മുരളീ മനോഹർ ജോഷിയായിരുന്നു മോദിയ്ക്കു മുമ്പ് വാരണാസിയിൽ നിന്നുള്ള പാർലമെന്റ് പ്രതിനിധി. വാരണാസിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും പ്രതിനിധീകരിക്കുന്നത് ബി.ജെ.പിയും സഖ്യ കക്ഷിയായ അപ്നാദളുമാണ്. വാരണാസിയുടെ മേയർ മൃദുലാ ജെയ്സ്വാളും ബി.ജെ.പിയിൽ നിന്നാണ്.

for infographics

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ

2014ൽ 10.3 ലക്ഷത്തിലധികം പേരാണ് വാരണാസിയിൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ടിംഗ് ശതമാനം 58.35. 3.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ആംആദ്മി നേതാവ് അരവിന്ദ് കേജ്‌‌രിവാളിനെ മോദി പരാജയപ്പെടുത്തിയത്. കോൺഗ്രസിലെ അജയ് റായി അന്ന് മൂന്നാം സ്ഥാനത്തായിരുന്നു. ഗുജറാത്തിലെ വഡോദരയിലും മത്സരിച്ച് വിജയിച്ച മോദി വാരണാസി മണ്ഡലം നിലനിറുത്തുകയായിരുന്നു.

15 ലക്ഷം വോട്ടർമാർ

ഇന്ത്യയിലെ ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നായ വാരണാസിയിൽ ആകെ 15 ലക്ഷത്തോളം വരുന്ന വോട്ടർമാരിൽ 6,94,209 സ്ത്രീകളും 8,67,645 പുരുഷൻമാരുമാണ്. 1991 മുതൽ ബി.ജെ.പിയുടെ ശക്തി കേന്ദ്രമാണ് വാരണാസി. 2004ൽ കോൺഗ്രസ് നേടിയതൊഴിച്ച് ബാക്കി എല്ലാ തവണയും ബി.ജെ.പിയ്ക്കൊപ്പമാണ് മണ്ഡലം നിലകൊണ്ടത്.