police

തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച സംസ്ഥാന പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം. ഇതിന്റെ ഭാഗമായി പൊലീസുകാരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങി തുടങ്ങി. ആരോപണം അടിസ്ഥാന രഹിതമാണെന്ന് വരുത്തി തീർക്കുകയാണ് ലക്ഷ്യം. തങ്ങൾക്ക് പരാതിയില്ലെന്നും പോസ്റ്റൽ ബാലറ്റ് വിതരണം കാര്യക്ഷമമായി തന്നെയാണ് നടന്നതെന്നും പൊലീസുകാരെക്കൊണ്ടുതന്നെ പറയിപ്പിക്കുകയാണ് സത്യവാങ്മൂലത്തിലൂടെയുള്ള ശ്രമം. പൊലീസ് സ്റ്റേഷനുകളിലും സ്പെഷ്യൽ യൂണിറ്റിലുമുൾപ്പെടെ പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിച്ച പൊലീസുകാരിൽ നിന്നാണ് സത്യവാങ്മൂലം എഴുതി വാങ്ങുന്നത്.

ആലപ്പുഴ ജില്ലയിലെ സ്പെഷ്യൽ യൂണിറ്റുകളിൽ കഴിഞ്ഞദിവസം ഇത്തരത്തിൽ സത്യവാങ്മൂലം എഴുതിവാങ്ങി. മറ്റ് പൊലീസ് ജില്ലകളിൽ വരുംദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് സൂചന. ''ഞാൻ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിരുന്നു. അപേക്ഷയിൽ ആവശ്യപ്പെട്ട അതേ വിലാസത്തിലാണ് ബാലറ്റ് ലഭ്യമായത്. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ എനിക്ക് ആരുടെയും സമ്മർദ്ദമുണ്ടായിട്ടില്ല. എന്നെ ആരും സ്വാധീനിച്ചിട്ടില്ല. സ്വതന്ത്രമായാണ് ഞാൻ വോട്ടവകാശം വിനിയോഗിച്ചത് ''. ഇങ്ങനെയാണ് സത്യവാങ്മൂലം എഴുതി വാങ്ങുന്നത്. പൊലീസുകാരുടെ പേരും തസ്തികയും രേഖപ്പെടുത്തി മേലധികാരികൾക്ക് ഇത് സമർപ്പിക്കുകയാണ് ചെയ്യുന്നത്.

ഔദ്യോഗിക നടപടിയെന്ന മട്ടിൽ ഓരോ യൂണിറ്റിലെയും മേലധികാരിയും സ്റ്റേഷനുകളിലെ റൈറ്റർമാരും ചേർന്നാണ് സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങുന്നതത്രേ. ക്രൈംബ്രാഞ്ച് സംഘം എത്തിയാൽ ഈ സത്യവാങ്മൂലം കാണിച്ച് കൂടുതൽ അന്വേഷണങ്ങളിലേക്ക് പോകാതെ തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് ആക്ഷേപം. അതേസമയം, ഇതിന്റെ പേരിലുള്ള ആരോപണങ്ങൾ തങ്ങൾക്ക് മേലെ പതിക്കാതിരിക്കാൻ അസോസിയേഷൻ നേതാക്കളാരും ഇക്കാര്യത്തിൽ പ്രത്യക്ഷത്തിൽ രംഗത്തില്ല.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ്, അസോസിയേഷൻ നേതാക്കൾ കൂട്ടമായി കൈപ്പറ്റിയെന്നും പൊലീസുകാരിൽ സമ്മർദ്ദം ചെലുത്തി വോട്ട് രേഖപ്പെടുത്തിയെന്നുമാണ് ആരോപണം. ഇത് ശരിവയ്ക്കുന്ന ശബ്ദ സന്ദേശമുൾപ്പെടെയുള്ള സൂചനകൾ പുറത്ത് വരികയും ഇന്റലിജൻസ് അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. അതിനിടെയാണ് ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് വരുത്തിതീർക്കാൻ പൊലീസുകാരുടെ സത്യവാങ്മൂലം സ്വീകരിച്ച് തുടങ്ങിയത്.

അന്വേഷണം കരകാണുമോ?

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ക്രമക്കേടുകൾ സംബന്ധിച്ച രേഖകളോ ശാസ്ത്രീയ തെളിവുകളോ ലഭിച്ചാൽപോലും സമ്മതിദാനാവകാശം ദുർവിനിയോഗം ചെയ്തതുമായി കൂട്ടിയിണക്കാൻ സാക്ഷിമൊഴികൾ ആവശ്യമാണ്. എന്നാൽ, മൊഴി നൽകാൻ പൊലീസുകാർ തയ്യാറാകില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് സംഘം വിവിധ പൊലീസ് സ്റ്റേഷനുകളിലും സ്പെഷ്യൽ യൂണിറ്റുകളിലും അന്വേഷണം നടത്തിയെങ്കിലും ക്രമക്കേടുകൾ വെളിച്ചത്ത് കൊണ്ടുവരാനുതകുന്ന മൊഴികളൊന്നും ഉണ്ടായില്ലെന്നാണ് സൂചന. അതേസമയം സംഭവത്തിൽ സസ്‌‌പെഷനിലായ വൈശാഖ് എന്ന പൊലീസുകാരൻ ഡ്യൂട്ടി നോക്കിയിരുന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസുകാർക്കിടയിലുണ്ടായിരുന്ന പദ്മനാഭയെന്ന വാട്ട്സ് ആപ് ഗ്രൂപ്പ് അന്വേഷണം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നശിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ ഗ്രൂപ്പിലുണ്ടായിരുന്നവരുടെ വിവരങ്ങളും സന്ദേശങ്ങളും വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം ആവശ്യമാണ്. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എസ്.പി സുദർശനനും സംഘവുമാണ് അന്വേഷണം നടത്തുന്നത്. 15ന് മുമ്പ് അന്വേഷണം പൂർത്തിയാക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നൽകിയിരിക്കുന്ന നിർദേശം.