madhu

കിളിമാനൂർ:തലച്ചോറിലേയ്ക്കുള്ള ഞരമ്പിന് രോഗം ബാധിച്ച് ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന ടാപ്പിംഗ് തൊഴിലാളിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി സുമനസുകളുടെ സഹായം തേടുന്നു. കിളിമാനൂർ വരിക്കപ്പള്ളിക്കോണം കാട്ടുവിള വീട്ടിൽ മധു ( 38) ആണ് ചികിത്സാ സഹായത്തിനായി സുമനസുകളുടെ കരുണയ്ക്കായി കാത്തിരിക്കുന്നത്. 15 വർഷം മുൻപ് തലയിലെ ഞരമ്പിന് അസുഖം ബാധിച്ച മധു അന്നു മുതൽ ചികിത്സ തേടാത്ത ആശുപത്രികൾ ഇല്ല. രോഗം കലശലായതോടെ നടക്കാൻ കഴിയാതെയായി. ജോലിക്ക് പോയിട്ട് രണ്ട് വർഷത്തോളമായി. ഭാര്യ സുനിതമോൾ വീട്ടുജോലിക്ക് പോയാണ് നിത്യവൃത്തിക്ക് വക കണ്ടെത്തുന്നത്. ഒൻപതും ഏഴും വയസുകളുള്ള വിദ്യാർത്ഥികളായ മക്കളുടെ പഠനത്തിനും ബുദ്ധിമുട്ടുകയാണ്. ബന്ധുക്കളുടേയും നാട്ടുകാരുടേയും കാരുണ്യത്തിലാണ് ചികിത്സ തുടരുന്നത്. ഒരു മാസം മരുന്നിന് പതിനായിരത്തോളം രൂപ ചെലവ് വരും. ആറ് സെന്റ് പുരയിടത്തിൽ ടാർപാളിൻ വലിച്ച് കെട്ടിയാണ് മധുവും കുടുംബവും താമസിക്കുന്നത്. റേഷൻ കാർഡോ ബാങ്ക് അക്കൗണ്ടോ ഇല്ലാത്ത മധു ചികിത്സയ്ക്കായി മുട്ടാത്ത വാതിലുകളും ഇല്ല. ഇനി കരുണ നശിച്ചിട്ടില്ലാത്ത മനസുകളിലാണ് ഏക പ്രതീക്ഷയെന്നാണ് മധു പറയുന്നത്.