സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാനുദ്ദേശിച്ച് ചില നല്ല തീരുമാനങ്ങൾ ഉണ്ടായിക്കാണുന്നത് നല്ല കാര്യമാണ്. ഇതാദ്യമായി ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള ക്ളാസുകളിൽ ജൂൺ ആദ്യം തന്നെ അദ്ധ്യയനം ആരംഭിക്കുകയാണ്. പത്താംക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ച് പിന്നെയും ഒന്നൊന്നര മാസം കഴിഞ്ഞായിരുന്നു പ്ളസ് വൺ പ്രവേശനം നടന്നിരുന്നത്. കേന്ദ്ര ബോർഡുകളുടെ പരീക്ഷാഫലം വൈകുന്നതിനനുസരിച്ച് ആ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെയും കൂടി സൗകര്യം കണക്കിലെടുത്ത് ഹയർ സെക്കൻഡറി പ്രവേശനം നീട്ടേണ്ടി വരുന്നത് പതിവായിരുന്നു. ഈ വർഷം ഏതായാലും എല്ലാ സിലബസിലും പെട്ട പത്താംക്ളാസ് ഫലം ഇതിനകം വന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ പതിനൊന്നാം ക്ളാസ് പ്രവേശന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി ജൂൺ ആദ്യം തന്നെ ക്ളാസുകൾ തുടങ്ങാനും കഴിയും. പതിനൊന്നിലേക്ക് പ്രവേശനം തേടുന്നവരുടെ സംഖ്യ വളരെ കൂടുതലായതിനാൽ ആഗ്രഹിച്ച സ്കൂളുകളിൽ ഇഷ്ടവിഷയങ്ങൾ ലഭിക്കാത്ത അവസ്ഥ പതിവുപോലെ ഈ വർഷവും ഉണ്ടാകാനിടയുണ്ട്. പ്രവേശനം ഏകജാലക സംവിധാനത്തിലാകയാൽ സ്ഥിതി കൂടുതൽ സങ്കീർണവുമാണ്. മലബാർ മേഖലകളിലാകട്ടെ പ്ളസ് വൺ സീറ്റുകൾ കുറവും വിജയികളുടെ സംഖ്യ വളരെ അധികവുമാണ്. മുൻ വർഷങ്ങളിൽ അധികബാച്ച് അനുവദിച്ച് സ്ഥിതി നേരിടുകയാണ് ചെയ്തുവന്നത്. ഈ വർഷവും അതൊക്കെ വേണ്ടിവരും. വച്ചുതാമസിപ്പിക്കാതെ ഇതിനാവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാർ മനസുവയ്ക്കണം.
ബിരുദ, ബിരുദാനന്തര തലത്തിൽ അക്കാഡമിക് കലണ്ടർ ഏകീകരിക്കാനുള്ള സർക്കാർ തീരുമാനമാണ് സ്വാഗതാർഹമായ മറ്റൊരു കാര്യം. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ഇതിലുൾപ്പെടുന്നതിനാൽ സ്കൂളുകളിലെപ്പോലെ കോളേജുകളിലും ബിരുദ - ബിരുദാനന്തര ക്ളാസുകൾ ജൂണിൽത്തന്നെ തുടങ്ങാൻ പോവുകയാണ്. വിവിധ സർവകലാശാലകൾ തോന്നുംപടി കൈകാര്യം ചെയ്തിരുന്ന അക്കാഡമിക് കലണ്ടറിന് ഇക്കുറി ഐകരൂപ്യം കൈവരാൻ പോവുകയാണ്. ഹയർ സെക്കൻഡറി ഫലം വന്നുകഴിഞ്ഞതിനാൽ ബിരുദപ്രവേശന നടപടികൾ താമസം കൂടാതെ തുടങ്ങാൻ കഴിയും. ജൂൺ രണ്ടാം വാരത്തിനു മുൻപു തന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കാനുമാകും. ഇതനുസരിച്ച് ജൂൺ 24-ന് ബിരുദ ക്ളാസുകളും ജൂൺ 17ന് ബിരുദാനന്തര ക്ളാസുകളും ആരംഭിക്കാനാണ് സർവകലാശാലകളുടെ തീരുമാനം. സെമസ്റ്റർ സമ്പ്രദായമായതിനാൽ ഓരോ സെമസ്റ്ററിനും തൊണ്ണൂറ് അദ്ധ്യയന ദിനങ്ങൾ ഉറപ്പാക്കും വിധത്തിലാണ് അദ്ധ്യയന കലണ്ടർ രൂപപ്പെടുത്തുന്നത്. ക്ളാസുകൾ ആരംഭിക്കാൻ വൈകുന്നതു മൂലം സെമസ്റ്റർ സമ്പ്രദായം പലപ്പോഴും അട്ടിമറിക്കപ്പെടുന്ന രീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. കേരള സർവകലാശാലയിൽ ഇക്കഴിഞ്ഞ മാസം ഇതേച്ചൊല്ലി വിദ്യാർത്ഥികൾ സമരം തന്നെ നടത്തി. മുപ്പതിൽ താഴെ അദ്ധ്യയന ദിനങ്ങളേ അവസാന സെമസ്റ്ററിൽ ലഭിച്ചുള്ളുവെങ്കിലും ധൃതിപിടിച്ചു പരീക്ഷ നടത്താൻ സർവകലാശാല തീരുമാനമെടുത്തതിനെതിരെയായിരുന്നു സമരം. പ്രവേശന ഘട്ടം തൊട്ടു തുടങ്ങുന്ന പ്രശ്നങ്ങളാണ് അവസാന ഘട്ടം വരെ നീണ്ടുപോകുന്നത്. പുതിയ തീരുമാനമനുസരിച്ച് പരീക്ഷയും ഫലപ്രഖ്യാപനവും ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും കൃത്യമായ സമയക്രമം ഉണ്ടാകും. അതു പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടത് ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്നവർ തന്നെയാണ്. സംസ്ഥാനത്തെ സർവകലാശാലകളുടെ കുത്തഴിഞ്ഞ പരീക്ഷാ നടത്തിപ്പു കാരണം അന്യസംസ്ഥാനങ്ങളിൽ ഉപരിപഠനത്തിനാഗ്രഹിക്കുന്ന നിരവധി കുട്ടികൾക്ക് അവസരം നഷ്ടപ്പെടാറുണ്ട്. പരീക്ഷ കഴിഞ്ഞ് ഫലത്തിനായി മാസങ്ങൾ തന്നെ കാത്തിരിക്കേണ്ട ദുർഗതിയും പതിവാണ്. അക്കാഡമിക് കലണ്ടർ ഏകീകരിക്കുന്നത് ഇമ്മാതിരിയുള്ള പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നു കരുതാം.
പാഠ്യപദ്ധതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനമാണ് ഇനി ഉണ്ടാകേണ്ടത്. ഒട്ടുമിക്ക കോളേജുകളിലും കുട്ടികൾ പരമ്പരാഗത സിലബസുകളുമായി മല്ലിടുന്ന കാഴ്ചയാണുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസൃതമായി പുതിയ വിഷയങ്ങൾ പഠിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തണം. മാനവിക വിഷയങ്ങളോട് കുട്ടികൾക്കിടയിൽ വീണ്ടും താത്പര്യം വർദ്ധിച്ചുവരികയാണ്. അധികച്ചെലവൊന്നുമില്ലാതെ തന്നെ ഈ വിഷയങ്ങൾക്കുള്ള സീറ്റ് വർദ്ധിപ്പിക്കാവുന്നതാണ്.
കലാലയങ്ങളെ കഴിവതും സമരമുക്തമാക്കുന്നതിനുള്ള ശ്രമം കൂടിയുണ്ടായാൽ സാദ്ധ്യായ ദിനങ്ങൾ നഷ്ടപ്പെടാതെ കഴിക്കാം. ഒരു അദ്ധ്യയന വർഷത്തിൽ എത്രയോ ദിവസങ്ങളാണ് വിദ്യാർത്ഥി സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും ആഹ്വാനപ്രകാരമുള്ള പഠിപ്പുമുടക്കു മൂലം നഷ്ടമാകുന്നത്. വിദ്യാഭ്യാസ മേഖല ശാന്തമായിരുന്നാലേ പഠനവും പരീക്ഷയുമൊക്കെ കൂടുതൽ നേട്ടം കൊണ്ടുവരികയുള്ളൂ.