girl

സിഡ്നി: പുലർച്ചെ മൂന്നുമണിക്ക് ബാറിന്റെ രണ്ടാംനിലയിലേക്ക് സുരക്ഷാമുൻകരുതലൊന്നുമില്ലാതെ വലിഞ്ഞുകയറുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തകർത്തോടുകയാണ്. തെക്കൻ ആസ്ട്രേലിയയിൽ നിന്നുള്ള ദൃശ്യത്തിലെ യുവതിയെ കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ചിലർ. കണ്ടുപിടിച്ചാൽ കെട്ടിക്കോട്ടെ എന്നുചോദിക്കും എന്നാണ് തിരച്ചിലുകാരിൽ ചിലർ പറയുന്നത്.

അർദ്ധരാത്രിക്കുശേഷം ബാറിൽ ആർക്കും പ്രവേശനം അനുവദിക്കാത്തതാണ് യുവതിയെ ഇൗ സാഹസത്തിന് പ്രേരിപ്പിച്ചത്. പാതിരാത്രിയാവുന്നതോടെ മുകൾ നിലയിലെ ബാറിലേക്കുള്ള പ്രവേശനകവാടം അടയ്ക്കും. ഉള്ളിലുള്ളവർക്ക് എത്രനേരം വേണമെങ്കിലും ചെലവഴിക്കാം. ഫിറ്റായി അടിയും വഴക്കും പതിവായതോടെയാണ് ഇൗ നിബന്ധന ഏർപ്പെടുത്തിയത്.

ബാറിലേക്കുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാവൽക്കാരോട് യുവതി കെഞ്ചിയെങ്കിലും അവരുടെ മനസുമാറിയില്ല. തുടർന്നാണ് ചുവരിലൂടെ പറ്റിപ്പിടിച്ച് മുകളിലേക്ക് കയറാൻ തുടങ്ങിയത്. ബാൽക്കണിവഴി ഉള്ളിൽ കടന്ന് ബാറിനുള്ളിൽ പ്രവേശിക്കാനായിരുന്നു പദ്ധതി. മുട്ടിനുമുകളിൽ നിൽക്കുന്ന മിഡിയും ഹൈഹീൽ ഷൂസും ധരിച്ച് ഒരു കൂസലുംകൂടാതെയായിരുന്നു യുവതിയുടെ കയറ്റം. ചുറ്റിലും ഉള്ളവരുടെ പ്രോത്സാഹനം കൂടിയായതോടെ വേഗം കൂടി. നിമിഷങ്ങൾക്കുള്ളിൽ രണ്ടാം നിലയിലെത്തി.

കാഴ്ചക്കാരായി നിന്ന ചിലരാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തത്. രണ്ടാം നിലയിൽ എത്തിയെങ്കിലും യുവതിക്ക് ബാറിൽ കയറാനായോ എന്ന് വ്യക്തമല്ല.