ജനീവ: ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാൻ ശേഷിയുള്ള പുതിയ കേരളത്തിന്റെ നിർമ്മാണമാണ് ലക്ഷ്യമെന്നും ഈ ദൗത്യം ഒരു കർമ്മപദ്ധതിയായാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ജനീവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര പുനർനിർമാണ സമ്മേളനത്തിൽ പറഞ്ഞു.
പ്രകൃതി സൗഹൃദ നിർമ്മാണ രീതികൾ, നദീജലത്തിന് കൂടുതൽ ഇടം നൽകുന്ന നയങ്ങൾ, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ് ഈ ദൗത്യത്തിന്റെ മുഖ്യഘടകങ്ങൾ. പുനരധിവാസ പദ്ധതികൾ സമൂഹത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നവരുടെ ഭക്ഷണത്തിനും പാർപ്പിടത്തിനും പരമപ്രാധാന്യം നൽകുന്നതാണ്. 2018ലെ വെള്ളപ്പൊക്കം കേരള സമൂഹത്തിന്റെ ഏറ്റവും വലിയ നന്മയെ പുറത്തു കൊണ്ടുവന്നു. സാമൂഹിക, സാമ്പത്തിക വ്യത്യാസങ്ങൾ മറന്ന് സാഹോദര്യ മനോഭാവത്തോടെ പരസ്പരം പിന്തുണ നൽകി പ്രകൃതി ദുരന്തത്തെ അതിജീവിച്ചു. ഇത് പുനർ നിർമ്മാണ പ്രവർത്തനങ്ങളിലും വേണ്ട ഊർജ്ജം നൽകും.
പ്രളയം മൂലം സംസ്ഥാനത്തിന്റെ മൊത്തം നഷ്ടം 4.4 ബില്യൺ അമേരിക്കൻ ഡോളറാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജൻസികളുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേരളീയ സമൂഹം മഹാപ്രളയത്തെ നിശ്ചയദാർഢ്യത്തോടെയാണ് നേരിട്ടത്. യുവാക്കളും വിദ്യാർത്ഥികളും അസാധാരണമായ ഇച്ഛാശക്തി പ്രകടമാക്കി. കേരള സമൂഹത്തിൽ വേരൂന്നിയ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ടതുകൊണ്ടാണ് അവർക്കിത് സാദ്ധ്യമായത്.
പൊതുസമൂഹവും സർക്കാരും പെട്ടെന്ന് ഉണർന്നു പ്രവർത്തിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തോട് കേരളം പ്രത്യേകം കടപ്പെട്ടിരിക്കുന്നു. അവരുടെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇതിലുമധികം ജീവനുകൾ നഷ്ടമായേനേ. ഉദ്യോഗസ്ഥർക്കൊപ്പം സായുധ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ മുഖ്യപങ്കുവഹിച്ചു.
പൊതുജനങ്ങളുടെയും പ്രവാസി മലയാളികളുടെയും വിവിധ ഏജൻസികളുടെയും സംഭാവനകൾ സംഭരിച്ച് കാര്യക്ഷമമായി വിനിയോഗിക്കാൻ സാധിച്ചു. വൈദ്യുതി വിതരണം റെക്കാഡ് സമയത്തിനുള്ളിൽ പുനഃസ്ഥാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സിവിൽ സമൂഹത്തിന്റെയും ബഹുജന സംഘടനകളുടെയും പങ്കാളിത്തത്തോടെ ശുചീകരണം നടത്തി. കുടിവെള്ളം, മരുന്ന്, മറ്റ് അവശ്യ സാധനങ്ങൾ എന്നിവയും ലഭ്യമാക്കി.
വീട് പുനർ നിർമ്മാണം വേഗത്തിൽ
പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർ നിർമ്മാണത്തിന് സമഗ്ര പദ്ധതി ആവിഷ്കരിച്ച് വേഗത്തിൽ നടപ്പാക്കുകയാണ്. കേടുപാടുകൾ സംഭവിച്ച വീടുകളും പൂർണമായി തകർന്നവയും കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ പുനർ നിർമ്മിക്കാൻ ധനസഹായം നൽകിവരുന്നു. ഗാർഹികോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ സഹകരണ, വാണിജ്യ ബാങ്കുകളുടെ വായ്പ ലഭ്യമാക്കി കുടുംബശ്രീ വഴി വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചു. ഇതിന്റെ പലിശ സർക്കാരാണ് നൽകുന്നത്. ദുരിതബാധിതരായ കുടുംബങ്ങൾക്ക് നിലവിലുള്ള തൊഴിൽദാന പദ്ധതികൾ വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞെന്നും മുഖ്യമന്ത്റി പറഞ്ഞു.