തിരുവനന്തപുരം: കേരളത്തിൽ പ്രളയം ഉഗ്രതാണ്ഡവമാടിയ 2018 ആഗസ്റ്റ് 10. ഇടുക്കി ചെറുതോണി ഡാമിന്റെ നാലാം ഷട്ടറും തുറന്നതിന് പിന്നാലെ അസാധാരണമായ കുത്തൊഴുക്ക്. ചെറുതോണിപാലം വിഴുങ്ങാനായി ഓടിയടുക്കുന്ന മലവെള്ളപ്പാച്ചിൽ. പാലം കടന്ന് അക്കരെ പോകാൻ ജനങ്ങൾ ഭയപ്പെട്ടിരിക്കുന്ന അവസ്ഥ. അപ്പോഴാണ് ഫയർഫോഴ്‌സിലെയും ദുരന്തനിവാരണ സേനയിലെയും ചിലർ ഇളകിമറിയുന്ന ജലത്തിന് നടുവിലെ ആ പാലത്തിലൂടെ ഓടുന്നത് കണ്ണിൽപ്പെട്ടത്. മുന്നിലോടുന്ന പൊലീസുകാരന്റെ കൈയിൽ ഒരു കുട്ടിയും. പ്രളയകാലത്തെ കാഴ്ചകളിൽ കേരളം ഒരിക്കലും മറക്കാൻ സാദ്ധ്യതയില്ലാത്ത കാഴ്ച. ഈ കാഴ്ച പ്രമേയമാക്കി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി അമലിന്റെ ആശയത്തിൽ വിരിഞ്ഞ, കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്‌നേച്ചർ ഫിലിമിനെ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ച് കലാസ്‌നേഹികളും കുട്ടികളും.
പ്രളയത്തിന് ശേഷമുള്ള കേരളത്തിലെ പുതുതലമുറയുടെ ഏറ്റവും വലിയ സാംസ്‌കാരിക ഒത്തുചേരലിന് ഇതിലും മനോഹരമായ അടയാളപ്പെടുത്തൽ സാദ്ധ്യമാകില്ല. പരസ്പരം കൈകൾ കോർത്ത് മഹാപ്രളയത്തെ അതിജീവിച്ച അതേ ഒരുമയോടെ ഇനി പുനർനിർമ്മാണത്തിനായി കൈ കോർക്കാം എന്ന ഓർമ്മപ്പെടുത്തലാണ് ചിത്രം. മനോബലത്തിന്റെയും ഒരുമയുടെയും പിൻബലത്തിൽ മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിനുള്ള ആദരവായി ചിത്രം മാറി. കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ മത്സ്യത്തൊഴിലാളികളുടെ ജീവൻ പണയം വച്ചുള്ള രക്ഷാപ്രവർത്തനമടക്കം പ്രളയദിനങ്ങൾക്ക് സാക്ഷിയായ ഏതൊരു മലയാളിക്കും പെട്ടെന്ന് ഓർമിക്കാവുന്ന നിരവധി ദൃശ്യങ്ങളും പ്രതീകങ്ങളുമാണ് ചിത്രത്തിലുള്ളത്. സമൂഹമാദ്ധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
കൊല്ലം ചാത്തന്നൂർ മഞ്ചാടിയിൽ വീട്ടിൽ അനിൽകുമാറിന്റെയും രമാ ദേവിയുടെയും മകനായ എ.ആർ. അമൽ കണ്ണൻ ബി.എ മലയാളം വിദ്യാർത്ഥിയാണ്. അനിമേഷൻ മെസ്റ്റർ സ്റ്റുഡിയോയിൽ നിർമ്മിച്ച സിഗ്നേച്ചർ ഫിലിമിന്റെ അനിമേഷനും ഗ്രാഫിക്സും രാഹുൽ ജോൺസണാണ് നിർവഹിച്ചത്. പ്രൊപ് മോഡലിംഗ് അമൽ ദേവും ലുക്ക് ഡെവലപ് വിപിനുമാണ് നിർവഹിച്ചിരിക്കുന്നത്.
എഴുത്തും സംവിധാനവുമാണ് അമലിന്റെ ഇഷ്ട മേഖലകൾ. അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്ന നീർമാതളം പൂത്ത കാലം എന്ന ചിത്രത്തിന്റെ സംവിധാനത്തിന്റെ തിരക്കിലാണ് അമൽ. തിയേറ്ററിലെ ഇരുട്ടിന്റെയും നിശബ്ദതയുടെയും പശ്ചാത്തലത്തിൽ വലിയ തിരശീലയിൽ സിഗ്‌നേച്ചർ ഫിലിം പ്രദർശിപ്പിക്കപ്പെട്ടപ്പോൾ ലഭിച്ച കൈയടിയാണ് തനിക്ക് ലഭിച്ച അംഗീകാരമെന്ന് അമൽ പറയുന്നു.