തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ നിന്ന് ആളുകളെ കൂട്ടമായി വെട്ടിമാറ്റിയെന്ന ആരോപണം ശക്തമാക്കാൻ ഇന്നലെ ചേർന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടവരെ വ്യക്തിഗതമായി സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാൻ ജില്ലാ യു.ഡി.എഫ് സമിതികളെ ചുമതലപ്പെടുത്തി. മൗലികാവകാശം ലംഘിക്കപ്പെട്ടതിന് ആളുകൾ വ്യക്തിഗതമായി പരാതി നൽകണമെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു. ഇരുപത് സീറ്റിലും യു.ഡി.എഫ് ജയിക്കുന്ന രാഷ്ട്രീയാന്തരീക്ഷമാണുള്ളത്. സംസ്ഥാനത്തുടനീളം രാഹുൽ തരംഗമുണ്ടായി. വിശ്വാസിസമൂഹത്തെ വഞ്ചിച്ച സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ താക്കീതാണുണ്ടായത്. നരേന്ദ്രമോദി സർക്കാർ ജനങ്ങൾക്കിടയിൽ ജാതീയവും വർഗീയവുമായ ചേരിതിരിവുണ്ടാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഭരണസംവിധാനത്തെ ഇതുപോലെ ദുരുപയോഗപ്പെടുത്തിയ സാഹചര്യമില്ല. ഉദ്യോഗസ്ഥരെ കരുവാക്കി വ്യാപകമായി കള്ളവോട്ട് പരീക്ഷണം നടത്തിയത് കൂടാതെ ലക്ഷക്കണക്കിന് വോട്ടുകൾ സർക്കാർ ഒത്താശയോടെ വെട്ടിമാറ്റി. നോട്ടീസ് നൽകാതെ വോട്ടർപട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കുന്നത് ജനപ്രാതിനിദ്ധ്യ നിയമത്തിന്റെ ലംഘനമാണ്.
പൊലീസ് ബാലറ്റിലെ ക്രമക്കേടുകളെപ്പറ്റിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ലീഗിനെതിരായ ആരോപണം ഒറ്റപ്പെട്ടത്
കള്ളവോട്ട് തടയാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കൈക്കൊണ്ട നടപടികളെ സ്വാഗതം ചെയ്യുന്നു. ബൂത്ത് ഏജന്റിനെപ്പോലും അനുവദിക്കാതെ അവസാനത്തെ ഒരു മണിക്കൂറിലാണ് മലബാറിൽ സി.പി.എം വ്യാപകമായി കള്ളവോട്ടിട്ടത്. മുസ്ലിംലീഗ് കള്ളവോട്ട് ചെയ്യുന്ന പ്രസ്ഥാനമല്ല. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിൽ ജില്ലാകമ്മിറ്റികൾ പരിശോധിക്കുമെന്ന് ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ബൂത്തായ പിണറായി ആർ.സി അമല യു.പി സ്‌കൂളിലെ സി.സി ടിവി കാമറകൾ കമ്മിഷൻ പരിശോധിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.