തിരുവനന്തപുരം: കുന്നത്തുനാട്ടിൽ നിയമം ലംഘിച്ച് 15 ഏക്കർ നെൽവയൽ നികത്താൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്ന് യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു. വിവാദ വ്യവസായിക്കായി നടത്തിയ കുംഭകോണമെന്നാണ് ആരോപണമെന്നും ആരാണ് ഈ വിവാദവ്യവസായി എന്നറിയണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
റവന്യുമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഉത്തരവിറങ്ങിയതെന്ന് പറയുന്നു. നാട്ടിൽ ഏത് ഭൂമിയും ആർക്കും നികത്താവുന്ന അവസ്ഥയാണിപ്പോൾ. മുഖ്യമന്ത്രിയുടെ ഓഫീസ് എന്തുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നുവെന്നറിയാൻ ജനത്തിന് താത്പര്യമുണ്ട്.
കശുഅണ്ടി ഇടപാടിലും ഗുരുതരമായ ക്രമക്കേടും അഴിമതിയുമാണ്. ഇക്കാര്യത്തിലും സർക്കാർ നിലപാട് വ്യക്തമാക്കണം. പ്രളയാനന്തരം ദുരിതാശ്വാസനിധിയിലേക്ക് പിരിഞ്ഞുകിട്ടിയ തുക ചെലവഴിക്കാതെ പ്രളയ സെസ്സിന്റെ പേരിൽ ജനങ്ങളുടെ മേൽ വീണ്ടും ഭാരം അടിച്ചേല്പിക്കാൻ പോകുന്നത് അംഗീകരിക്കാനാവില്ല. ഇപ്പോൾ തന്നെ കടക്കെണിയിലായിരിക്കുന്ന സംസ്ഥാനത്തിന് ഇനിയും വൻ സാമ്പത്തികഭാരം അടിച്ചേല്പിക്കുന്നതാണ് മസാലബോണ്ട്. ലാവ്‌ലിൻ കമ്പനിക്ക് വേണ്ടി മണിയടിക്കാനാണ് മുഖ്യമന്ത്രി ലണ്ടനിലേക്ക് പോയത്. പ്രളയദുരിതാശ്വാസ ധനസമാഹരണത്തിനായി മുഖ്യമന്ത്രി വിദേശപര്യടനം നടത്തിയിട്ട് എത്ര തുക ലഭിച്ചുവെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. കേരള കോൺഗ്രസ്-എമ്മിലെ പ്രശ്നം പരിഹരിക്കാൻ അവരുടെ പാർട്ടി നേതൃത്വത്തിന് സാധിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.
കെ.എം. മാണിയുടെ നിര്യാണ ശേഷം ചേരുന്ന ആദ്യത്തെ യു.ഡി.എഫ് യോഗം അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. കേരളരാഷ്ട്രീയത്തിലെ ഏറ്റവും തലപ്പൊക്കമുള്ള നേതാക്കളിലൊരാളായിരുന്നു മാണി എന്ന് യോഗം അനുസ്മരിച്ചു. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും മറ്റ് ഘടകകക്ഷി നേതാക്കളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.