ration-rice-become-brande

തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങൾ അയഞ്ഞതോടെ റേഷനരിയും ഗോതമ്പും ഗോഡൗണുകളിൽ നിന്നു മാത്രമല്ല കടകളിൽ നിന്നും ഒരു തടസവുമില്ലാതെ കരിഞ്ചന്തയിൽ എത്തുകയാണ്.

മുൻഗണനാ വിഭാഗത്തിൽ പെട്ട നാല് അംഗങ്ങളുള്ള റേഷൻ കാർഡിന് ഒരു മാസം കിട്ടേണ്ടത് 16 കിലോ അരിയും നാലു കിലോ ഗോതമ്പുമാണ്. ഈ കാർഡുമായി ചില റേഷൻകടയിൽ എത്തിയാൽ പകുതി പോലും കിട്ടണമെന്നില്ല. ചോദിച്ചാൽ ബാക്കി സ്റ്റോക്കില്ലെന്നായിരിക്കും മറുപടി. പക്ഷേ, ഇ-പോസ് മെഷീനിൽ വിരൽ അമർത്തുമ്പോൾ ബില്ലടിക്കുന്നത് 20 കിലോ ഗ്രാമിനും ചേർത്താവും. ഇനി പകുതി വിഹിതം മതിയെന്നു ഗുണഭോക്താവ് പറഞ്ഞാലും മുഴുവൻ വിഹിതത്തിനുള്ള ബിൽ അടിക്കും. ആ ബില്ല് അപ്പോൾ തന്നെ കീറിക്കളയും. കാർഡുടമകളിൽ പലരും ബിൽ കൈപ്പറ്റാത്തതും വാങ്ങുന്നവർ ബിൽ പരിശോധിക്കാത്തതും തട്ടിപ്പിന് തണലാകുന്നു. ബാക്കി അരിയും ഗോതമ്പും സ്വകാര്യ മില്ലുകാരൻ കൊണ്ടുപോകും.

റേഷൻ വെട്ടിപ്പ് തടയാനാണ് ഇ-പോസ് സംവിധാനം കൊണ്ടുവന്നത്. അതിലും പഴുത് കണ്ടെത്തി റേഷൻ വെട്ടിപ്പ് പൂർവാധികം ശക്തമായി നടത്തുന്നു.

അന്ത്യോദയ കാർഡ് ഒന്നിന് 30 കിലോഗ്രാം അരിയും 5 കിലോഗ്രാം ഗോതമ്പും സൗജന്യമായി നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ 90 ശതമാനം റേഷൻ കടക്കാരും ഇത്രയും നൽകാറില്ല. ഇതൊക്കെ പരിശോധിച്ച് ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥരിൽ പലരും ഒരു കാര്യം മാത്രമേ ഉറപ്പു വരുത്തൂ - മാസപ്പടി കൃത്യമായി എത്തുന്നുണ്ടോ എന്ന് !

വീട്ടിലെത്തിയും പതിക്കും

റേഷൻ വാങ്ങാൻ കടയിൽ ആളെത്തിയില്ലെങ്കിൽ ഇ-പോസ് മെഷീനുമായി വീട്ടിലെത്തുന്ന കടയുടമകളുമുണ്ട്. ഗുണഭോക്താവിന് റേഷൻ വേണ്ടെങ്കിലും വിരൽ പതിപ്പിച്ച് മടങ്ങും. എല്ലാ മാസവും പതിച്ചില്ലെങ്കിൽ വിഹിതം സർക്കാർ നിറുത്തലാക്കുമെന്ന് പറഞ്ഞു പറ്റിച്ചും മറ്റുമാണ് കാര്യം സാധിക്കുന്നത്. അത്രയും ധാന്യം പോകുന്നത് കരിഞ്ചന്തയിലേക്ക്. ഇ-പോസ് മെഷീൻ കേടായാൽ പഴയ രീതിയിൽ ബില്ലെഴുതി (മാനുവൽ) ധാന്യം നൽകാം. റേഷൻ കടക്കാരുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇതിന് സിവിൽ സപ്ളൈസ് വകുപ്പ് അനുമതി കൊടുത്തത്. അത് ശരിക്കും മുതലാക്കുകയാണിപ്പോൾ. കഴിഞ്ഞ മാസം മാത്രം ഒന്നര ലക്ഷം മാനുവൽ ഇടപാടാണ് നടന്നത്. മെഷീൻ കേടാക്കാനാണോ ഇവർക്ക് പാട്.