udf-udf-

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഏകീകരണം വലിയ തോതിൽ തുണച്ചെന്നും സംസ്ഥാനത്തെ 20 സീറ്റിലും വിജയ സാദ്ധ്യതയുണ്ടെന്നും യു.ഡി.എഫ് നേതൃയോഗത്തിന്റെ വിലയിരുത്തൽ.

കോൺഗ്രസ് സംശയിച്ചു നിന്ന പാലക്കാട്ട് പോലും ന്യൂനപക്ഷ ഏകീകരണം നല്ലപോലെ സംഭവിച്ചിട്ടുണ്ടെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞതോടെയാണ് എല്ലാ മണ്ഡലത്തിലും സാദ്ധ്യതയെന്ന നിഗമനത്തിലേക്ക് നേതൃയോഗമെത്തിയത്. പാലക്കാട്ടും ആറ്റിങ്ങലും നേരിയ സംശയം ബാക്കി നിറുത്തിയാലും പതിനെട്ടിടത്ത് ജയം ഉറപ്പ് പറയുകയാണ് മുന്നണി നേതൃത്വം. ന്യൂനപക്ഷ ഏകീകരണം പൂർണമായും യു.ഡി.എഫിനൊപ്പമെന്ന ഉറച്ച വിശ്വാസമാണ് ലീഗ് നേതാക്കൾ പ്രകടിപ്പിച്ചത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങളുടെ ഒഴുക്കുണ്ടായതാണ് യു.ഡി.എഫ് അനുകൂല തരംഗത്തിന് കാരണം. അല്ലാതെ വെറും സ്ഥാനാർത്ഥികളുടെ മികവോ പാർട്ടികളുടെ കഴിവോ അല്ല. പലേടത്തും സി.പി.എമ്മിൽ നിന്ന് പോലും യു.ഡി.എഫിലേക്ക് അടിയൊഴുക്കുണ്ടായിട്ടുണ്ട്. വടകരയിലും കൊല്ലത്തും സി.പി.എമ്മിൽ നിന്ന് യു.ഡി.എഫിന് നല്ലതോതിൽ വോട്ടെത്തിയിട്ടുണ്ടെന്ന് കെ. മുരളീധരനും എൻ.കെ. പ്രേമചന്ദ്രനും പറഞ്ഞു.

ജനങ്ങൾ യു.ഡി.എഫിനൊപ്പമെത്തിയ സ്ഥിതിക്ക് അത് ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. അതിന് താഴേതട്ടിൽ ആദ്യം മുന്നണിയെ ശക്തിപ്പെടുത്തണം. പ്രളയാനന്തര കേരളത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി ശക്തമായി പ്രക്ഷോഭരംഗത്തിറങ്ങും. കുന്നത്തുനാട് ഭൂമിതട്ടിപ്പ് കേസിൽ നിലം നികത്തൽ ഉത്തരവ് റദ്ദാക്കാതെ പിന്മാറേണ്ടെന്നും യോഗം തീരുമാനിച്ചു.

കള്ളവോട്ട് തടയുന്നതിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പൂർണ പിന്തുണ നൽകുമ്പോൾ തന്നെ എല്ലാത്തിലും അദ്ദേഹത്തെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാടാണ് യോഗത്തിലുണ്ടായത്. തപാൽ ബാലറ്റിലുൾപ്പെടെ നേരത്തേ പരാതി നൽകിയിട്ടും പലതും അവഗണിക്കപ്പെട്ടിട്ടുണ്ട്.

വോട്ടർമാരെ വെട്ടിമാറ്റിയത്

അറിയാത്തത് വീഴ്ച

വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ വെട്ടിമാറ്റിയത് അറിയാതിരുന്നത് സംഘടനാ വീഴ്ചയായെന്ന വിമർശനം യോഗത്തിലുയർന്നു. സംഘടനാ തലത്തിൽ താഴേതട്ടിൽ വോട്ടർ പരിശോധനാ പ്രക്രിയയടക്കം നടത്തിയിട്ടും വീഴ്ച സംഭവിച്ചത് വലിയ പോരായ്മയായെന്ന് ഷിബു ബേബിജോൺ അടക്കം വിമർശിച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കാനും മറ്റുമായി സജീവമായി രംഗത്തുണ്ടായിരുന്നെന്ന് അവകാശപ്പെട്ടിട്ടാണ് വോട്ട് വെട്ടിമാറ്റിയത് അിറഞ്ഞില്ലെന്ന് സംഘടനാ പ്രവർത്തകർ ഇപ്പോൾ പറയുന്നത്. കരട് പട്ടികയിൽ പേര് വന്നാൽ പിന്നെ മറ്റൊന്നും അന്വേഷിക്കാറില്ല. ഇത് പാഠമായിക്കണ്ട് വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാകണം. പേര് വെട്ടി മാറ്റപ്പെട്ടവരിൽ പരമാവധി പേരെക്കൊണ്ട് പരാതി നൽകിക്കാനും ധാരണയായി.