വിഴിഞ്ഞം: ഓഖി ദുരിതാശ്വാസമായി ലഭിച്ച പണത്തിൽ നിന്ന് ഒരു വിഹിതം നൽകാത്തതിന് ഭാര്യാമാതാവിനെ യുവാവ് വെട്ടിപ്പരിക്കേല്പിച്ചു. കടയ്ക്കുളം സ്വദേശി കൊച്ചുത്രേസ്യയ്ക്കാണ് (41) വെട്ടേറ്റത്. വലതു ചെവിയിലും ഇടതു കൈയിലും വെട്ടേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയായ വിഴിഞ്ഞം പഴയ പള്ളിക്കു സമീപം വാറുവിളാകത്ത് പുരയിടത്തിൽ അനീഷിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്. കൊച്ചുത്രേസ്യയുടെ ഭർത്താവ്
ഓഖി ദുരന്തത്തിൽപ്പെട്ട് മരിച്ചിരുന്നു. ഇവർക്ക് സർക്കാരിൽ നിന്ന് ലഭിച്ച ധനസഹായം തനിക്കും കൂടി നൽകണമെന്ന് അനീഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും കൊച്ചുത്രേസ്യ കൊടുത്തില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി 7 മണിയോടെ വെട്ടുകത്തിയുമായി കൊച്ചുത്രേസ്യയുടെ വീട്ടിലെത്തിയ അനീഷ് ബഹളംവച്ചു. ഭയന്ന് വിളിച്ച് വീട് വിട്ട് ഇറങ്ങി ഓടിയ കൊച്ചുത്രേസ്യയെ സമീപത്തെ ഇടവഴിയിലിട്ട് അനീഷ് വെട്ടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. രാത്രിയോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.