2

വിഴിഞ്ഞം: ശനിയാഴ്ച അർദ്ധരാത്രിയിൽ തമിഴ്നാട് സ്വദേശികളുടെ വാഹനം തടഞ്ഞുനിറുത്തി ആക്രമിച്ച് സ്വർണാഭരണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടാമത്തെ പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. പ്രതിയായ സ്ത്രീയെ കഴിഞ്ഞദിവസം അറസ്റ്റുചെയ്‌തിരുന്നു. സ്ത്രീയെ കാണിച്ച് വശീകരിച്ച് പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന സംഘമാണിതെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം സ്ത്രീയോടൊപ്പം പിടിയിലായ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിജാസിന്റെ (30) അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇയാളോടൊപ്പം പിടിയിലായ കടയ്‌ക്കാവൂർ പൊലീസ് സ്റ്റേഷന് സമീപം തീപൊള്ളാവ് വീട്ടിൽ ഉഷയെ (42) ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇവർ യുവാക്കളിൽ നിന്നും കവർച്ച ചെയ്‌ത മൊബൈൽ ഫോൺ കണ്ടെത്തി. സംഭവത്തിൽ ഉൾപ്പെട്ട രണ്ടംഗ ബൈക്ക് യാത്രികർക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. തിരുവല്ലം വണ്ടിത്തടം പെട്രോൾ പമ്പിനു സമീപമായിരുന്നു സംഭവം. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു

തട്ടിപ്പിന് പേര് 'സ്‌കീം'

അർദ്ധരാത്രിയിൽ സംഘം ഓട്ടോറിക്ഷയിൽ കറങ്ങി നടക്കും. ഒറ്റയ്‌ക്ക് നിൽക്കുന്നവരെ സമീപിച്ച് സ്ത്രീയെ കാണിച്ച് വശീകരിക്കും. മുറി സൗകര്യമുണ്ടെന്നു പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റും. ആളൊഴിഞ്ഞ റോഡുകളിലൂടെ വാഹനവുമായി പോകുമ്പോൾ പിന്നാലെ ബൈക്കിലെത്തുന്ന സംഘം ഇവരെ തടഞ്ഞ് നിറുത്തി സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി ആഭരണങ്ങളും മറ്റു വിലപിടിച്ച വസ്‌തുക്കളും തട്ടിയെടുത്തശേഷം വാഹനത്തിൽ നിന്നും ഇറക്കിവിടുമെന്ന് പൊലീസ് പറഞ്ഞു. ഇവർ ഇത്തരത്തിൽ എട്ടോളം പേരെ ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ആരും തട്ടിപ്പിന് ഇരയാകാതിരുന്നതോടെയാണ് ഇവർ വാഹനം തടഞ്ഞുനിറുത്തി ആക്രമിച്ചത്.