പാലോട്: വേണമെങ്കിൽ ചക്ക വേരിലല്ല മണ്ണിലും തൊടുമെന്ന് തെളിയിച്ചിരിക്കുകയാണ് താന്നിമൂട് അടിക്കോട്ടുകോണം ദ്രൗപതിയമ്മയുടെ മുപ്പത്തഞ്ച് വർഷം പ്രായം ചെന്ന പ്ലാവ്. ചുവടു നിറയെ കായ്ച്ച് മണ്ണു തൊട്ട് കിടക്കുകയാണ് ചക്കകൾ. മുൻ വർഷങ്ങളിലെല്ലാം കൈയെത്താത്ത വിധം ഉയരത്തിലാണ് ചക്ക കായ്ച്ചിരുന്നത്. പകുതിയിലധികവും പറിച്ചെടുക്കാനാവാതെ നിലത്തു വീണ് നശിക്കുകയാണ് പതിവ്. വാർദ്ധക്യത്തിന്റെ അവശത ഏറെയുള്ള ദ്രൗപതിയമ്മയെ പ്രസാദിപ്പിക്കും വിധം ഇത്തവണ പ്ലാവ് കൈയെത്തി പറിക്കാൻ പാകത്തിൽ കായ്ച്ച് മുറ്റം നിറഞ്ഞ് കിടക്കുന്ന കാഴ്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അടി മുതൽ മുടി വരെ കായ്ച്ച പ്ലാവുകളും നാട്ടുമാവുകളും ഈ മേഖലയിൽ ഇത്തവണ വ്യാപകമാണ്. കിഴക്കൻ ഗ്രാമങ്ങളിൽ നിറയെ കായ്ച്ച് മണ്ണു തൊട്ട് കിടക്കുന്ന പ്ലാവുകളും വഴിയോരങ്ങളിൽ കുലയിട്ടു കിടക്കുന്ന മാവുകളും കൺകുളിർക്കെ കാണാം. അന്യമായെന്ന് വിലപിച്ച ആ പഴയ മാമ്പഴക്കാലം നേരിൽ കാണുന്ന പ്രതീതിയാണ് പലർക്കും. വേനലിനിടെ പതിവുള്ള മഴ കുറഞ്ഞതും ഇളം കാറ്റിന്റെ സ്ഥിരം സാമീപ്യവുമാണ് മാമ്പഴക്കാലത്തിന്റെ തിരിച്ചു വരവിന് അവസരം ഒരുക്കിയതെന്നാണ് കൃഷി ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ശരിയായ കാലയളവിൽ പരാഗണം നടക്കാനും പൂവ് കൊഴിയാതെ കുലയിടാനും കാലാവസ്ഥ വ്യതിയാനം ഇടയാക്കിയിട്ടുണ്ടെന്ന് നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാർ പറഞ്ഞു.
പോയ വർഷങ്ങളിൽ ചക്കയ്ക്കും മാങ്ങയ്ക്കും കടുത്ത ക്ഷാമമുണ്ടായിരുന്നു. അയൽജില്ലയായ കൊല്ലത്തു നിന്നും തമിഴ്‌നാട്ടിൽ നിന്നും ചക്കയും മാങ്ങയും കരാറെടുക്കാൻ കച്ചവടക്കാരുടെ മത്സരമായിരുന്നു. പാകമാവും മുമ്പേ എല്ലാം ലോറിയിൽ കയറ്റി പോകും. എന്നാൽ, ഇക്കൊല്ലം കച്ചവടക്കാരുടെ എണ്ണം കുറവാണ്. ലഭ്യതയിലുണ്ടായ വർദ്ധനവാകാം ഇതിനു കാരണമെന്ന് കർഷകർ കരുതുന്നു. ഇത് മനസിലാക്കി കുടുംബശ്രീ അമ്മക്കൂട്ടം സ്വാശ്രയ സംഘങ്ങളുടെ സഹായത്തോടെ ചക്ക, മാങ്ങ മൂല്യവർദ്ധിത ഉല്പന്നങ്ങൾ തയാറാക്കി കമ്പോളത്തിൽ വിറ്റഴിക്കാനുള്ള തയാറെടുപ്പിലാണ് നന്ദിയോട് കൃഷിഭവൻ. ചക്ക വരട്ടി, ചക്ക വറ്റൽ, മാങ്ങ അച്ചാർ എന്നിവ വിപണിയിലെത്തിക്കുമെന്നും കൃഷി ഓഫീസർ വെളിപ്പെടുത്തി. അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം ഉണ്ടാകാത്ത പക്ഷം ഇനിയും രണ്ടു മാസം കൂടി മാമ്പഴക്കാലം ഇതേപടി തുടരുമെന്നാണ് പ്രതീക്ഷ. കൃഷി ഓഫീസറുടെ ഫോൺ : 9495200255.