പാറശാല: അമിതവേഗത്തിലായിരുന്ന ലോറി ബുള്ളറ്റ് മോട്ടോർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പ്രസ് ക്ളബ് മുൻ ട്രഷററും മംഗളം മുൻ സീനിയർ കറസ്പോണ്ടന്റുമായ പ്ലാമൂട്ടുക്കട പ്രസ് ഇല്ലത്തിൽ ശശിധരൻ നായരുടെയും ഡെപ്യൂട്ടി തഹസിൽദാർ പ്രസന്ന കുമാരിയുടെയും ഏക മകൻ അനന്തപത്മനാഭൻ (24) ആണ് മരിച്ചത്. ദേശീയ പാതയിൽ ഉദിയൻകുളങ്ങര പെട്രോൾ പമ്പിന് സമീപം ഇന്നലെ രാവിലെ 8.45 ആയിരുന്നു അപകടം. മറ്റൊരു ബൈക്കിന്റെ ഹാൻഡിൽ അനന്തപത്മനാഭന്റെ ബുള്ളറ്റിൽ തട്ടുകയും നിയന്ത്രണം വിട്ട ബൈക്കിലേക്ക് അമരവിള ഭാഗത്ത് നിന്നുള്ള ലോറി വന്നിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു . ഉടനെ തന്നെ നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം. ബികോം പാസായായതിനെ തുടർന്ന് ബാങ്ക് ടെസ്റ്റിന്റെ കോച്ചിംഗിനായി തിരുവനന്തപുരത്തേക്ക് പോകവെയാണ് അപകടം.മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഫോട്ടോ: അനന്തപത്മനാഭൻ