may13c

ആ​റ്റിങ്ങൽ: ക്ഷേത്രകലാപീഠം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആ​റ്റിങ്ങൽ കൊട്ടാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ സന്ദർശിച്ചു. കലാപീഠം ആരംഭിക്കുന്നതിനെക്കുറിച്ചും കൊട്ടാരത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചും കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. തുടർന്നാണ് പ്രസിഡന്റ് എ. പദ്മകുമാർ, അംഗങ്ങളായ എൻ. വിജയകുമാർ, കെ.പി. ശങ്കരദാസ് എന്നിവർ സന്ദർശനം നടത്തിയത്. കൊട്ടാരത്തിലെത്തിയ ദേവസ്വംബോർഡ് അധികൃതരെ ബി. സത്യൻ എം.എൽ.എ, നഗരസഭാ ചെയർമാൻ എം. പ്രദീപ് എന്നിവർ സ്വീകരിച്ചു. തകിൽ, നാഗസ്വരം, പഞ്ചവാദ്യം എന്നിവയുടെ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു. വൈക്കത്തെ ക്ഷേത്രകലാപീഠത്തിൽ നിന്ന് തകിൽ, നാഗസ്വരം ക്ലാസുകൾ ഇങ്ങോട്ടേക്ക് മാ​റ്റും. ഈ അദ്ധ്യയന വർഷത്തിൽ ആ​റ്റിങ്ങലിൽ ക്ലാസുകൾ തുടങ്ങുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് അറിയിച്ചു. ക്ലാസുകൾ നടക്കുന്ന ഭാഗത്തെ അ​റ്റകു​റ്റപ്പണികൾ അടിയന്തരമായി നടത്താൻ തീരുമാനിച്ചു. ആ​റ്റിങ്ങലിൽ താന്ത്റിക വിദ്യാപീഠം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ആലോചനകൾ നടക്കുന്നുണ്ടെന്നും തീരുമാനം ഉടനെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. കൊട്ടാരത്തിന്റെ മുഖമണ്ഡപം സംരക്ഷിക്കുന്നതിനുള്ള നടപടികൾ എൻജിനിയറിംഗ് വിഭാഗവുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.