തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും വലിയ സ്വർണ വേട്ടയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഇന്നലെ നടത്തിയത്. 25 കിലോ സ്വർണം പിടിച്ചതോടെ പഴങ്കഥയായത് 2014ൽ കൊച്ചിയിൽ നിന്ന് പിടിച്ച 20 കിലോയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരുടെ സഹായത്തോടെ അഞ്ചേമുക്കാൽ കിലോ സ്വർണം കടത്തിയ എട്ടുപേരെ അടുത്തിടെ ഡി.ആർ.ഐ പിടിച്ചിരുന്നു. ഇതേത്തുടർന്ന് ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള നിരീക്ഷണവും ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരം തിരുമല വിശ്വപ്രകാശം സ്‌കൂളിന് സമീപം സുനിൽകുമാർ (45), സുഹൃത്ത് കഴക്കൂട്ടം സ്വദേശിനി സെറീന (42) എന്നിവരെ 25 കിലോ സ്വർണവുമായി പിടികൂടിയത്.
ഇവർക്ക് ആരാണ് സ്വർണം നൽകിയത്, ആർക്ക് വേണ്ടിയാണ് തലസ്ഥാനത്തെത്തിച്ചത്, സംഭവത്തിൽ കൂടുതൽ ഇടനിലക്കാരുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഡി.ആർ.ഐ വിശദമായി അന്വേഷണം നടത്തുകയാണ്. പിടിയിലായവരുടെ മൊഴിയുടെ പൂർണ വിവരം ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല. സംഭവത്തിന് പിന്ന് ദുബായ് കേന്ദ്രീകരിച്ചുള്ള മാഫിയയാണെന്നും ഇവർക്ക് തലസ്ഥാനത്ത് നിരവധി കണ്ണികളുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം അന്താരാഷ്ട്ര വിമാനത്താവളം സ്വർണക്കടത്തിന്റെ കേന്ദ്രമാകുന്നത് ഉദ്യോഗസ്ഥരുടെ തലവേദന ഇരട്ടിപ്പിക്കുകയാണ്. സുരക്ഷ കർക്കശമാക്കിയിട്ടും കടത്തിനുള്ള ശ്രമം നിരന്തരം നടക്കുകയാണ്. എതിർസംഘത്തിൽ നിന്നുള്ള രഹസ്യവിവരങ്ങളാണ് പലപ്പോഴും സ്വർണക്കടത്തുകാരെ കുടുക്കുന്നത്. വിമാനത്താവള ജീവനക്കാർ വരെ കടത്തിന് കൂട്ടുനിൽക്കുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു.