ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സും മുംബയ് ഇന്ത്യൻസും ട്രോഫി പരസ്പരം കൈമാറി കളിക്കുന്നത് രസകരമായി തോന്നുന്നു.
മഹേന്ദ്രസിംഗ് ധോണി
ഇത്തവണത്തെ ഐ.പി.എൽ പൂരത്തിന് കിരീടക്കുടമാറ്റത്തിലൂടെ ആവേശക്കൊടിയിറക്കമായിരിക്കുന്നു. കഴിഞ്ഞ കൊല്ലം ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയിരുന്ന കിരീടമാണ് ഇക്കുറി അവരിൽനിന്ന് രോഹിത് ശർമ്മയും കൂട്ടരും തിരിച്ചുപിടിച്ചിരിക്കുന്നത്. ഇതോടെ നാലുതവണ ഐ.പി.എൽ ജേതാക്കളാകുന്ന ആദ്യടീമെന്ന റെക്കാഡും മുംബയ് ഇന്ത്യൻസ് സ്വന്തമാക്കി. ആകെ കളിച്ച അഞ്ച് ഫൈനലുകളിൽ നാലിലും ജേതാക്കളായി എന്ന റെക്കാഡും അംബാനിയുടെ ടീം സ്വന്തമാക്കി.
അല്ലെങ്കിലും മുംബയ് ഇന്ത്യൻസിന്റെ ഐ.പി.എൽ കിരീടങ്ങൾക്ക് ഒരു കുടമാറ്റത്തിന്റെ ചാരുതയുണ്ട്. കിരീടം നേടുന്നതിന്റെ അടുത്തവർഷം അവർ കൈവിടും. തൊട്ടടുത്തവർഷം തിരിച്ചുപിടിക്കുകയും ചെയ്യും. 2010 ലാണ് മുംബയ് ഇന്ത്യൻസ് ആദ്യമായി ഫൈനലിലെത്തുന്നത്. അന്ന് ചെന്നൈ സൂപ്പർ കിംഗ്സിനോട് 22 റൺസിന് തോറ്റു. 2013 ലാണ് രോഹിത് ശർമ്മയും കൂട്ടരും ആദ്യമായി കിരീടം നേടുന്നത്. അന്ന് ചെന്നൈയെ 23 റൺസിന് ഫൈനലിൽ കീഴടക്കി പ്രതികാരം ചെയ്തു. പക്ഷേ അടുത്തവർഷം ഫൈനലിൽ എത്തിയില്ല. 2015 ൽ ഫൈനലിൽ വീണ്ടും ചെന്നൈയെ മലർത്തിയടിച്ച് രണ്ടാം കിരീടം. 2016 ൽ ഫൈനലിലെത്തിയില്ല. 2017 ൽ പൂനെയെ കീഴടക്കി മൂന്നാം കിരീടം. ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം 2019 ൽ വീണ്ടും കിരീടം. 2010ന് ശേഷം എപ്പോൾ ഫൈനലിലെത്തിയോ അപ്പോഴെല്ലാം മുംബയ് കിരീടവുമായേ മടങ്ങിയിട്ടുള്ളൂ.
സാധാരണഗതിയിൽ പ്രാഥമികറൗണ്ടിൽ ഒന്നാമതെത്തുന്ന ടീമുകൾ കിരീടം നേടുന്നത് വിരളമായ ലീഗിൽ ഇക്കുറി പ്രാഥമിക റൗണ്ടിലും പ്ളേ ഓഫിലും മിന്നിയാണ് രോഹിതിന്റെയും സംഘത്തിന്റെയും കിരീടധാരണം. പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ ഒൻപതിലും മുംബയ് വിജയം കണ്ടു. തോറ്റത് അഞ്ചെണ്ണത്തിൽ മാത്രം. ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന ചെന്നൈയെ മറികടന്നാണ് 18 പോയിന്റുമായി മുംബയ് ഒന്നാമതെത്തിയത്. പ്ളേ ഓഫിലെ രണ്ട് മത്സരങ്ങളിലും വിജയിക്കാനായി.
ഇക്കുറി പ്രാഥമിക റൗണ്ടിലും പ്ളേ ഓഫിലുമായി മുംബയ് ഇന്ത്യൻസ് നാല് മത്സരങ്ങളിലാണ് ചെന്നൈ സൂപ്പർകിംഗ്സിനെ തോൽപ്പിച്ചത്. ഏപ്രിൽ മൂന്നിന് ആദ്യമത്സരത്തിൽ 37 റൺസ് വിജയം. ഏപ്രിൽ 26ന് 46 റൺസ് വിജയം. ആദ്യ ക്വാളിഫയറിൽ തോൽപ്പിച്ചത് കീഴടക്കിയത് ആറ് വിക്കറ്റിന്. ഫൈനലിൽ ഒറ്റ റൺസ് വിജയം. ഒരുസീസണിൽ ഒരേ ടീമിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ഇത്രയധികം തോൽവികൾ ഏറ്റുവാങ്ങുന്നത് ഇതാദ്യമായാണ്.
ഫൈനൽ വിജയത്തിലെ 6 ഘടകങ്ങൾ
1. ടോസ് നേട്ടം, ആദ്യബാറ്റിംഗ്
ഈ സീസൺ ഐ.പി.എല്ലിൽ ടോസ് നേടുന്നവർ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുന്ന പതിവ് വിപരീതമായി രോഹിത് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഹൈദരാബാദിൽ ഫൈനലിന് മുമ്പ് മഴയുണ്ടായിരുന്നതിനാൽ ഈർപ്പമുള്ള പിച്ചിൽ രണ്ടാം ബാറ്റിംഗ് ദുഷ്കരമാകുമെന്ന ചിന്തയായിരുന്നു ഇതിന്കാരണം.
2. ഇമ്രാൻ ഇഫക്ട്
ഫൈനലിൽ മുംബയ്‌യെ 150 ന് താഴെ ഒതുക്കിയതിന്റെ പ്രധാന ക്രെഡിറ്റ് ഇമ്രാൻ താഹിറിനും രാഹുൽ ചഹറിനുമാണ്. ഇമ്രാൻ നാലോവറിൽ 23 റൺസ് നൽകി.
രണ്ട് വിക്കറ്റ് വീഴ്ത്തി. ചഹറിന് മൂന്ന് വിക്കറ്റ് നേടാനായി. സ്വന്തം നാട്ടുകാരൻ കാഗിസോ റബാദയെ മറികടന്ന് താഹിർ ടൂർണമെന്റിലെ ടോപ് വിക്കറ്റ് ടേക്കറായി.
3. ധോണി റൺഔട്ട്
റെയ്‌നയ്ക്കും അമ്പാട്ടിക്കും പിന്നാലെ ധോണി റൺ ഔട്ടായത് ചേസിംഗിൽ ചെന്നൈയെ പിന്നോട്ടടിച്ചു. ഇശാൻ കിഷന്റെ ഡയറക്ട് ത്രോയിൽ റൺ ഔട്ട് വിധിക്കുമ്പോൾ ധോണിയുടെ ബാറ്റ് ലൈനിലായിരുന്നു എന്നത് വിവാദമായി. ധോണി പുറത്തായ ശേഷം റൺറേറ്റ് കുത്തനെ താഴ്ന്നു.
4. രാഹുൽ ചഹർ പിശുക്കൻ
മദ്ധ്യ ഓവറുകളിൽ ചെന്നൈ സ്കോറിംഗിനെ വിപരീതമായി ബാധിച്ചത് രാഹുൽ ചഹറിന്റെ പിശുക്കൻ ബൗളിംഗാണ്. നാലോവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത രാഹുൽ റെയ്‌നയെ എൽ.ബിയിൽ കുരുക്കുകയും ചെയ്തു. പിന്നീട് മലിംഗയെ 16-ാം ഓവറിൽ തകർത്തടിച്ചാണ് വാട്ട്സൺ വീര്യം വീണ്ടെടുത്തത്.
5. ബുംറ മാജിക്
വിജയത്തിലേക്ക് നീങ്ങിയ ചെന്നൈയെ പിടിച്ചുകെട്ടിയത് ബുംറ എറിഞ്ഞ 19-ാം ഓവറാണ്. ഈ ഓവറിൽ ബ്രാവോയെ മടക്കിയ ബുംറ വിട്ടുകൊടുത്തത് ഒൻപത് റൺസ്. ഇതോടെ അവസാന ഓവറിൽ ഒൻപത് റൺസ് വേണ്ടിവന്നു. നാലോവറിൽ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറ ഫൈനലിലെ മാൻ ഒഫ് ദ മാച്ചായി.
6. വാട്ട്സൺ വിക്കറ്റ്, മലിംഗ മാജിക്
16-ാം ഓവറിൽ 20 റൺസ് വഴങ്ങിയ മലിംഗയെ അവസാന ഓവറിന് പന്തേൽപ്പിക്കുമ്പോൾ മുംബയ് ആരാധകർക്ക് ടെൻഷനുണ്ടായിരുന്നു. എന്നാൽ നാലാം പന്തിൽ രണ്ടാം റൺസിനോടിയിറങ്ങിയ വാട്ട്സൺ റൺ ഔട്ടായതോടെ ഗതിമാറി. ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ മലിംഗ ശാർദ്ദൂലിനെ എൽ.ബിയിൽ കുരുക്കി.
ധോണിയുടെ റൺ ഔട്ടായിരുന്നു നിർണായകം. മലിംഗയ്ക്ക് അടികിട്ടിയിട്ടും തിരിച്ചുവരാൻ സഹായകമായത് ബുംറയുടെ ബൗളിംഗാണ്. മലിംഗ മനോഹരമായി മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. 2017 ൽ 129 റൺസ് പ്രതിരോധിച്ച് ജയിച്ചവരാണ് ഞങ്ങൾ.
സച്ചിൻ ടെൻഡുൽക്കർ
4 ബ്രദേഴ്സ്
ഇത്തവണ ഫൈനലിൽ ഇരുടീമുകളിലുമായി കളിച്ചത് നാല് സഹോദരന്മാർ. മുംബയ് ടീമിൽ ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും . ചെന്നൈ ടീമിലെ ദീപക് ചഹറിന്റെ സഹോദരൻ രാഹുൽ ചഹറും മുംബയ് ടീമിലുണ്ടായിരുന്നു.