pep-guardiola-epl
pep guardiola epl

അവസാന മത്സരം വരെ നീണ്ടുനിന്ന ആവേശത്തിന് തിരശീലയിട്ട് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ സൂപ്പർതാരമായി മാറിയത് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയാണ്. 2009 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം തുടർച്ചയായ സീസണുകളിൽ പ്രിമിയർ ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കാഡിലേക്ക് സിറ്റിയെ കൈപിടിച്ചുയർത്തിയിരിക്കുകയാണ് പെപ്.

8/11 കഴിഞ്ഞ 11 സീസണുകളിൽ കോച്ചെന്ന നിലയിൽ പെപ് ഗ്വാർഡിയോള സ്വന്തമാക്കുന്ന എട്ടാമത്തെ കിരീടമാണിത്. 2008 മുതൽ 12 വരെ ബാഴ്സലോണ കോച്ചായിരുന്ന പെപ് മൂന്ന് ലാലിഗ കിരീടങ്ങൾ നേടി. 2013 മുതൽ 16 വരെ ബയേൺ മ്യൂണിക് കോച്ചായിരുന്നപ്പോൾ മൂന്ന് ബുണ്ടസ് ലീഗ കിരീടങ്ങൾ. മാഞ്ചസ്റ്റർ സിറ്റിയിലെത്തിയശേഷം രണ്ടാം ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം.

5

മാഞ്ചസ്റ്റർ സിറ്റി കോച്ചായി ഗ്വാർഡിയോളയുടെ അഞ്ചാം കിരീടമാണിത്. കഴിഞ്ഞ രണ്ട് സീസണുകളിലും ലീഗ് കപ്പ് സ്വന്തമാക്കി. 2018 ലെ കമ്മ്യൂണിറ്റി ഷീൽഡും.

100, 98

മാഞ്ചസ്റ്റർ സിറ്റിയെ പ്രിമിയർ ലീഗ് ചരിത്രത്തിലെ തന്നെ മികച്ച പോയിന്റ് നേട്ടത്തിലെത്തിച്ചു. കഴിഞ്ഞ സീസണിൽ 100 പോയിന്റ് ഈ സീസണിൽ 98 പോയിന്റ്.

904/1104

മാനേജർ എന്ന നിലയിൽ കഴിഞ്ഞ 11 സീസണുകളിൽ എല്ലാ ലീഗുകളിൽ നിന്നുമായി ഗ്വാർഡിയോളയുടെ ടീമുകൾ നേടിയത് 904 പോയിന്റുകൾ. ആകെ നേടാൻ കഴിയുമായിരുന്നത് 1104 പോയിന്റുകളും.

മൂന്ന് ബൂട്ടുകളും ആഫ്രിക്കയിലേക്ക്

ഇത്തവണ ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടുകൾ മൂന്നുപേർ പങ്കിട്ടെടുത്തു. ഇവർ മൂവരും ആഫ്രിക്കക്കാർ.

ലിവർപൂളിന്റെ മുഹമ്മദ് സലാ, സാഡിയോ മാനേ, ആഴ്സനലിന്റെ പോൾ ഔബമയാംഗ് എന്നിവരാണ് ഗോൾഡൻ ബൂട്ടിന് ഉടമകളായത്.

22 ഗോളുകളാണ് മൂവരും നേടിയത്. അവസാന മത്സരത്തിന് മുമ്പുതന്നെ സലാ 22 ഗോളുകൾ നേടിയിരുന്നു. അവസാന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയാണ് മാനേയും ഔബമയാംഗും ബൂട്ടിന് അർഹരായത്.

ഈജിപ്തുകാരനായ സലാ തുടർച്ചയായ രണ്ടാം വർഷമാണ് ഗോൾഡൻ ബൂട്ട് കരസ്ഥമാക്കുന്നത്. കഴിഞ്ഞ സീസണിൽ സാലാ 32 ഗോളുകൾ നേടിയിരുന്നു.

സെനഗൽ കാരനാണ് സാഡിയോ മാനേ. ഔബമയാംഗ് ഗാബോൺ സ്വദേശിയും.

ആദ്യം തെറിച്ചത് ക്രിസ് ഹൂട്ടൺ

ഇംഗ്ളീഷ് പ്രിമിയർ ലീഗ് സീസൺ സമാപിച്ചതിന് പിന്നാലെ ആദ്യം സ്ഥാനം നഷ്ടമായത് ബ്രൈട്ടൺ ആൻഡ് ഹോമിന്റെ പരിശീലകൻ ക്രിസ് ഹൂട്ടണിന് . അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോറ്റതിന് പിന്നാലെയാണ് ഹൂട്ടന്റെ കസേര തെറിച്ചത്.

സീസണിലെ 38 മത്സരങ്ങളിൽ നിന്ന് 36 പോയിന്റ് നേടി 17-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്രൈട്ടൺ തരംതാഴ്ത്തലിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഈ സീസണിൽ ഹൂട്ടൺ ക്ളബിനെ എഫ്.എ കപ്പിന്റെ സെമിവരെ എത്തിച്ചെങ്കിലും പുറത്താക്കലിൽനിന്ന് രക്ഷപ്പെടാനായില്ല.