തിരുവനന്തപുരം: ' ടൊവിനോ മുത്താണ്, ഞങ്ങടെ മുത്താണേ' എന്ന കൊച്ചുകൂട്ടുകാരുടെ ആവേശത്തോടെയുള്ള വിളി കണ്ടപ്പോൾ നടൻ ടൊവിനോ തോമസിന് അദ്ഭുതം. അന്താരാഷ്ട്ര ബാല ചലച്ചിത്രമേളയ്ക്കെത്തിയ കുട്ടികൾ കാത്തിരുന്ന് തളർന്നതിന്റെ പരിഭവം ഒന്നും കാണിക്കാതെ ടൊവിനോയെ ആർപ്പുവിളിച്ച് സ്വീകരിക്കുകയായിരുന്നു. ടാഗോർ തിയേറ്ററിലെ വേദിയിൽ രാത്രി ഏഴിന് എത്തുമെന്ന് കരുതിയ താരം എത്തിയപ്പോൾ എട്ടര കഴിഞ്ഞിരുന്നു. അപ്പോഴും ആവേശം ചോരാതെ കുട്ടികൾ താരത്തെ പൊതിയുകയായിരുന്നു. വേദിയിലേക്ക് ഏറെ പ്രയാസപ്പെട്ട് സംഘാടകർ അദ്ദേഹത്തെ എത്തിച്ചു. വെള്ളിത്തിരയിൽ കണ്ട പ്രിയതാരത്തെ അടുത്ത് കാണാനും സെൽഫിയെടുക്കാനും കുട്ടികൾ മത്സരിച്ചു. ' കുട്ടിക്കാലത്തൊക്കെ തിയേറ്ററിൽ സിനിമ കാണാൻ തന്നെ എനിക്ക് സാധിച്ചിരുന്നില്ല, അച്ഛനും അമ്മയും തിയേറ്ററിൽ പോയി സിനിമ കാണുന്നവരായിരുന്നു. എന്നാൽ ചേട്ടൻ ജനിച്ച് കഴിഞ്ഞ്‌ ചേച്ചി ജനിച്ചതോടെ അവരത് നിറുത്തി. അവരെയും കൊണ്ട് സിനിമയ്‌ക്ക്‌ പോയാൽ തീരും മുമ്പ് തിയേറ്റർ വിടേണ്ട അവസ്ഥയായിരുന്നു അന്ന്. ഞാൻ ജനിച്ചശേഷം മാതാപിതാക്കൾ സിനിമയ്ക്ക് പോയിരുന്നില്ല. ദൂരദർശനിൽ വെള്ളിയും ശനിയും കാണിച്ചിരുന്ന ഹിന്ദി സിനിമകളും ഞായറാഴ്ചത്തെ മലയാളസിനിമയും കണ്ടാണ് ഞാൻ വളർന്നത്. എന്നാൽ നിങ്ങളെപ്പോലുള്ള കുട്ടികൾ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നു. അത് വലിയ ഭാഗ്യമാണ് ' ടൊവിനോ പറഞ്ഞു. ചലച്ചിത്രമേളയുടെ ബുള്ളറ്റിനായ 'തണൽ' കുട്ടി ഡെലിഗേറ്റുകളായ ആത്മജയ്ക്കും ആദിത്യനും നൽകി ടൊവിനോ തോമസ് പ്രകാശനം ചെയ്‌തു. ശിശുക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി. ദീപക്, ട്രഷറർ ജി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഭാരതി, എക്‌സിക്യൂട്ടീവ് അംഗം പശുപതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടി ഡെലിഗേറ്റ്സുകൾ ടൊവിനോയ്‌ക്ക് ഉപഹാരം നൽകി.