പാലാ: ഒന്ന് ഭാഗ്യം പരീക്ഷിക്കാം! കരൂർ മംഗലത്തിൽ ജോമോൻ അത്രയേ കരുതിയുള്ളൂ. അതിനൊരു ലോട്ടറിയെടുത്തു. കേരള വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷമാണ് ഇപ്പോൾ ജോമോന്റെ വീടിന്റെ പടി കടന്നെത്തിയിരിക്കുന്നത്. മൂന്ന് സെന്റിലെ ചെറിയ വീട്ടിലാണ് ജോമോന്റെ താമസം. പാലാ നഗരസഭാ പദ്ധതി പ്രകാരം പുനർനിർമ്മിക്കാൻ ഇന്നലെയാണ് വീട് പൊളിച്ചത്. വീട് പുനർനിർമ്മിക്കാൻ നെട്ടോട്ടമോടുന്നതിനിടെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഇന്നലെ പാലായിലേക്ക് പോകുന്ന വഴിയാണ് ജോമോൻ ടിക്കറ്റെടുത്തത്. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ച സാഹചര്യത്തിൽ വീട് അല്പം മോടികൂട്ടി നിർമ്മിക്കണമെന്നാണ് ജോമോന്റെയും കുടുംബത്തിന്റെയും ആഗ്രഹം. രാമപുരത്തെ റബർ കടയിലെ ജീവനക്കാരനാണ് ജോമോൻ. അഞ്ജുവാണ് ഭാര്യ. മകൾ റോസ് മരിയ.