gold-smuggling

തിരുവനന്തപുരം: ഒമാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന എട്ടുകോടിയുടെ സ്വർണ്ണം പിടികൂടിയ കേസിൽ വിമാനത്താവള ജീവനക്കാരുൾപ്പെടെ കൂടുതൽ പേർ കുടുങ്ങും. 25 കിലോ സ്വർണ്ണബിസ്ക്കറ്റുകളുമായി ഡി.ആർ.ഐയുടെ പിടിയിലായ തിരുവനന്തപുരം തിരുമല വിശ്വപ്രകാശം സ്കൂളിന് സമീപം സുനിൽകുമാർ(45), സുഹൃത്ത് എറണാകുളം സ്വദേശിനിയും കഴക്കൂട്ടം നിവാസിയുമായ സെറീന (42) എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തിരുവനന്തപുരം വിമാനത്താവളവും ദുബായും കേന്ദ്രീകരിച്ച് സ്വർണ്ണക്കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തായത്.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് മുമ്പ് പലതവണ ഇവർ സ്വർണ്ണം കടത്തിയതായി സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ച സംഘം കടത്തിക്കൊണ്ടുവന്ന സ്വർണ്ണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ സഹായിച്ചെന്ന് കരുതുന്ന ജീവനക്കാരിൽ ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറല്ല. ജീവനക്കാരുടെ സഹായമുള്ളതിനാൽ കസ്റ്റംസ് പരിശോധനകളൊന്നും കൂടാതെ സുരക്ഷിതമായി സ്വർണ്ണം പുറത്ത് കടത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഹാൻഡ് ബാഗിലാക്കി സ്വർണ്ണബിസ്ക്കറ്റുകൾ കടത്തിക്കൊണ്ടുവന്നത്. കഴിഞ്ഞ നവംബർ മുതൽ ഇരുവരും സ്വർണ്ണക്കടത്ത് സംഘത്തിലെ കാരിയർമാരായി പ്രവർത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏഴുമാസത്തിനകം നാൽപ്പത് തവണ സെറീന സ്വർണ്ണം കടത്തിയതായി സ്ഥീരികരിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് 10,000 രൂപ വീതമാണ് ഇവർക്ക് പ്രതിഫലമായി ലഭിച്ചിരുന്നതെന്നാണ് പറയുന്നത്. കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായ സുനിൽ കുമാർ കഴിഞ്ഞ ഏഴുവർഷമായി ജോലിക്ക് പോകുന്നില്ല. അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് കോർപ്പറേഷന്റെ അച്ചടക്ക നടപടികൾ നേരിടുന്ന സുനിൽകുമാറും സ്വർണ്ണക്കടത്തിൽ കാരിയറായി വൻതോതിൽ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇവരുടെ സ്വത്തുവകകളും ബാങ്ക് നിക്ഷേപങ്ങളും കണ്ടെത്താനുളള ശ്രമങ്ങൾ ഡി.ആർ.ഐ ആരംഭിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയായ സെറീന സ്വർണ്ണക്കള്ളക്കടത്തിന്റെ പേരിലാണ് കഴക്കൂട്ടത്തിന് സമീപം വാടകയ്ക്ക് താമസം തുടങ്ങിയത്. ഗൾഫിൽ ബ്യൂട്ടിപാർലർ നടത്തിപ്പുകാരിയെന്നാണ് ഇവർ നാട്ടിൽ അറിയപ്പെട്ടിരുന്നത്. രാജ്യാന്തര ബന്ധമുള്ള സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് ഡി.ആർ.ഐ സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ കരാർ ജീവനക്കാരുൾപ്പെടെ ഒരു വിഭാഗം ജീവനക്കാർക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ട്. ഇവരെ കണ്ടെത്താൻ സംശയിക്കുന്നവരുടെ ഫോൺ, ഇ-മെയിൽ വിലാസങ്ങളുൾപ്പെടെയുള്ള വിവരങ്ങൾ ഡി.ആർ.ഐ പരിശോധിച്ചുവരികയാണ്. ഇന്നലെ രാവിലെ ഒമാനിൽ നിന്നെത്തിയ വിമാനത്തിൽ നിന്നാണ് 25 കിലോ സ്വർണ്ണ ബിസ്ക്കറ്റുകളുമായി ഇവരെ പിടികൂടിയത്. അന്വേഷണ നടപടികൾ പൂർത്തിയാക്കിയശേഷം ഇരുവരെയും എൻഫോഴ്സ്മെന്റ് മുമ്പാകെ ഹാജരാക്കും.