കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റുകൾ ലഭിക്കാത്തത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.വി വിനോദ് കുമാറും സംഘവും കളക്ടറേറ്റിലെ തിരഞ്ഞെടുപ്പു വിഭാഗം അസി. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ നിന്ന് കണ്ടെടുത്തത് പൊളിക്കാത്ത പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ. പൊളിക്കാതെ വച്ച നാല് കവറുകളാണ് കണ്ടെത്തിയത്. ബേക്കൽ പൊലീസ് സ്റ്റേഷന്റെ സീൽ പതിച്ച നാല് കവറുകളിൽ സ്റ്റാമ്പ് ഒട്ടിച്ചിരുന്നില്ല. നിശ്ചിത തീയതിക്കും നാല് ദിവസം വൈകി ലഭിച്ച കവറുകളിൽ നമ്പറിട്ട ശേഷം അലമാരയിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു.
തീയതി കഴിഞ്ഞതിനാൽ അപേക്ഷാ കവറുകൾ പൊളിച്ചു നോക്കേണ്ട കാര്യമില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മൊഴി നൽകിയത്. ഇലക്ഷൻ കമ്മിഷന്റെ വിഷയം ആയതിനാൽ കവർ പൊളിക്കാൻ കോടതി ഉത്തരവ് വേണം. കേസില്ലാത്തതിനാൽ ക്രൈംബ്രാഞ്ചിനും ഈ കവറുകൾ പൊളിക്കാൻ അനുവാദമില്ല. കേസ് രജിസ്റ്റർ ചെയ്താൽ കവർ ബന്തവസിൽ എടുത്തു പൊളിച്ചു നോക്കാൻ കഴിയും. ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 പൊലീസുകാരുടെ അപേക്ഷയും ഈ കവറുകളിൽ ഒരുമിച്ചു ഉണ്ടാകും എന്നാണ് പ്രാഥമിക നിഗമനം.
കാസർകോട്, ഉദുമ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളിലെ അസി. റിട്ടേണിംഗ് ഓഫിസർമാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കുന്നതിന് ഡ്യൂട്ടിയിലുള്ള പൊലീസുകാർ അയച്ച അപേക്ഷയാണിത്. അപേക്ഷ അയച്ചിട്ടും പോസ്റ്റൽ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചു എന്നാണ് പൊലീസുകാർ പരാതി ഉന്നയിച്ചിരുന്നത്. ഇതേ തുടർന്നാണ് ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.