കൊല്ലം: കാസർകോട് കോൺഗ്രസ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനും അനുയായികൾക്കുമെതിരെ പരാതി നൽകിയ കോൺഗ്രസ് നേതാവ് പൃഥ്വിരാജിന്റെ ഭാര്യയിൽ നിന്ന് കുണ്ടറ പൊലീസ് ഇന്ന് മൊഴിയെടുക്കും. കുണ്ടറ ബ്‌ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ തന്റെ ഭർത്താവിനോടുള്ള വിരോധത്തിന്റെ പേരിൽ തന്നെ ഫോണിൽ വിളിച്ച് ചിലർ അശ്ലീലം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. തന്റെ ഭർത്താവ് കാസർകോട്ടെ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം രൂപ അപഹരിച്ചെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പൊലീസിൽ പരാതി നൽകിയതിന് പുറമെ കൊല്ലത്തെ കോൺഗ്രസ് നേതാക്കളെയും വിളിച്ചറിയിച്ചിരുന്നു.
ഇതിന്റെ സത്യാവസ്ഥ അറിയാൻ തന്റെ ഭർത്താവ് ഉണ്ണിത്താനെ വിളിച്ചെങ്കിലും നമ്പർ ബ്‌ളോക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ തന്റെ ഫോണിൽ നിന്ന് ഭർത്താവ് വിളിച്ചപ്പോൾ ഇരുവരും സംസാരിച്ച് മുഷിഞ്ഞു. തുടർന്ന് തന്റെ നമ്പരിലേക്ക് ഉണ്ണിത്താന്റെ അനുയായികൾ തുടരെ വിളിക്കാൻ തുടങ്ങി. ഇതിന്റെ ശബ്‌ദരേഖ സഹിതമാണ് പൊലീസിൽ പരാതിപ്പെട്ടത്. എന്നാൽ പരാതിയിൽ തീയതി, സമയം തുടങ്ങി വ്യക്തമായ വിവരങ്ങൾ ഇല്ലാത്തതിനാൽ പൃഥ്വിരാജിന്റെ ഭാര്യയെ ഇന്ന് നേരിട്ട് വിളിപ്പിച്ചിരിക്കുകയാണെന്ന് കുണ്ടറ പൊലീസ് പറഞ്ഞു.