crime

ആലുവ: എടയാറിൽ ആറ് കോടി രൂപയിലേറെ വില വരുന്ന 20 കിലോ സ്വർണം തട്ടിയെടുത്ത കേസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. രാത്രി നടന്ന കവർച്ചയിലെ പ്രതികൾക്കായി പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.

എടയാർ സി.ജി.ആർ മെറ്റലോലോയിസ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് കൊണ്ടുവന്ന സ്വർണമാണ് കമ്പനി ഗേറ്റിന് സമീപത്ത് നിന്നും ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയത്. കാറിലുണ്ടായിരുന്നവരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ മാത്രം ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നടന്നിരുന്നത്. ഇതിനിടെ കമ്പനി ജീവനക്കാർക്ക് പങ്കില്ലെന്ന നിലപാടുമായി കമ്പനി ഉടമ ജെയിംസ് ജോസ് രംഗത്തെത്തി. മാത്രമല്ല, കമ്പനിക്കെതിരെ പഞ്ചായത്ത് ഭരണസമിതി ഉയർത്തിയ ആക്ഷേപത്തിനും സ്ഥാപന ഉടമ മറുപടി നൽകിയിട്ടുണ്ട്. നിയമാനുസൃതം പഞ്ചായത്ത് ലൈസൻസ് എടുത്തും നികുതി അടച്ചുമാണ് പ്രവർത്തിക്കുന്നതെന്നാണ് ഉടമയുടെ വിശദീകരണം. ഇതേതുടർന്നാണ് ആലുവ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലപ്പെടുത്തിയയത്. കമ്പനിയിലെ മുഴുവൻ ജീവനക്കാരുടെയും കോൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനായി വിവിധ മൊബൈൽ ഫോൺ കമ്പനികൾക്ക് കത്ത് നൽകിയിരുന്നു. ജില്ലാ സൈബർ സെല്ലിന്റെയും സഹായമുണ്ട്. ബൈക്കിലെത്തി സ്വർണം തട്ടിയ പ്രതികൾ സംഭവം നടക്കുന്നതിന്റെ രണ്ട് മണിക്കൂർ മുമ്പേ സ്ഥലത്ത് എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. സി.ജി.ആർ മെറ്റലോലോയിസ് കമ്പനിക്ക് സമീപമുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മണിക്കൂറുകൾക്ക് മുമ്പേയുള്ള പ്രതികളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.