തലകറക്കം വന്നാലുടൻ രക്തസമ്മർദ്ദവും പ്രമേഹവും പരിശോധിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്.അത് നല്ലതുതന്നെ. എന്നാൽ ഇവ രണ്ടും നോർമലാണെങ്കിൽ ' മറ്റൊരു കുഴപ്പവുമില്ലെ'ന്ന് വിചാരിച്ച് ചികിത്സ തേടാത്തവരും ഉണ്ട്. ചില രോഗങ്ങൾ നേരിട്ടും അല്ലാതെയും തലകറക്കത്തിന് കാരണമാകാറുണ്ട്. വിളർച്ച രോഗികളിൽ രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നത് തലകറക്കത്തിനു കാരണമാകും. അതുപോലെ വിരകളുടെ ഉപദ്രവം കൊണ്ടോ ദീർഘകാലമായുള്ള മറ്റേതെങ്കിലും രോഗത്തിൽ ഇ.എസ്.ആർ വർദ്ധിക്കുന്നതുകൊണ്ടോ രക്തക്കുറവ് സംഭവിക്കാം. അപ്പോഴും തലകറക്കം കാണും. ചെവിക്കുള്ളിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ കാരണം ബാലൻസ് നിയന്ത്രിക്കുന്നതിന് സാധിക്കാതെ വരികയും തലകറക്കം ഉണ്ടാകുകയും ചെയ്യും.
നോർമൽ ആയിട്ടുള്ളവരിലും തലകറക്കം ഉണ്ടാകുമ്പോൾ രക്തസമ്മർദ്ദം വർദ്ധിക്കാറുണ്ട് .'എന്തോ സംഭവിക്കാൻ പോകുന്നു' എന്ന ഭീതി കാരണമാണ് താൽക്കാലികമായി ബി.പി വർദ്ധിക്കുന്നത്. മറ്റു മരുന്നുകൾ ആവശ്യമില്ലാതെതന്നെ തലകറക്കം കുറയുമ്പോൾ ബി പി കുറയുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ ബി. പി കുറയ്ക്കുവാൻ ഡോക്ടർ മരുന്നു നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ വീണ്ടും പരിശോധിച്ച് അത് തുടരണോ എന്നുള്ള ഉപദേശം തേടണം.
പക്ഷാഘാത രോഗത്തിന് മുന്നോടിയായും, തലയും തലച്ചോറുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങളിലും തലകറക്കം ഉണ്ടാകാം.കഴുത്തിലെ അസ്ഥികൾക്കുണ്ടാകുന്ന വീക്കം, തേയ്മാനം(സെർവൈക്കൽ സ്പൊണ്ടിലൈറ്റിസ്,സ്പോണ്ടിലോസിസ്) എന്നിവയാണ് അധികമാളുകളിലും തലകറക്കത്തിന് കാരണമായി കാണുന്നത്. തേയ്മാനം ദീർഘനാൾ നിലനിൽക്കുന്നതും ക്രമേണ വർദ്ധിക്കുന്നതുമാണ് .അത്തരം ആൾക്കാർ തലകറക്കത്തിന് മാത്രമായി മരുന്ന് കഴിച്ച് സമയം കളയാതെ യഥാർത്ഥ രോഗത്തിനുള്ള ചികിത്സ തന്നെ ചെയ്യാൻ ശ്രദ്ധിക്കണം.
ഏതു കാരണം കൊണ്ടുള്ള തലകറക്കം ആയാലും അത് കുറയുവാനുള്ള മരുന്നുകൾ ലഭ്യമാണ്. എന്നാൽ അത് ആവർത്തിക്കുകയാണെങ്കിൽ യഥാർത്ഥകാരണം അറിഞ്ഞുള്ള ചികിത്സയാണ് അനിവാര്യം.
തലകറക്കം അനുഭവപ്പെടുമ്പോൾ വാഹനമോടിക്കുക, ഉയരങ്ങളിൽ നിന്ന് ജോലി ചെയ്യുക, അധ്വാനിക്കുക, അധികസമയം നിൽക്കുക, കഴുത്തിൽ മസാജ് ചെയ്യുക തുടങ്ങിയവ ഒഴിവാക്കണം.കഴുത്ത് വെട്ടിച്ചും കറക്കിയും ചില ബാർബർ ഷോപ്പുകളും മുറിവൈദ്യന്മാരും അസുഖത്തെ വർദ്ധിപ്പിക്കുകയും മാരകമാക്കുകയുമാണ് ചെയ്യുന്നത്. തലകറക്കത്തിന് ആയുർവേദ ചികിത്സ ഫലപ്രദമാണ്.
ഷർമദ്