തിരുവനന്തപുരം: എറണാകുളം ചൂർണ്ണിക്കരയിൽ നിലംനികത്തലിന് റവന്യു ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജരേഖ ചമച്ച സംഭവം പുറത്തായതോടെ ഇത്തരത്തിൽ മുമ്പും തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നറിയാൻ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലും ആർ.ഡി.ഒ ഓഫീസുകളിലും വ്യാപക പരിശോധന തുടങ്ങി. തിരുവനന്തപുരത്തെ ലാന്റ് റവന്യു കമ്മിഷണറേറ്റിലെ ഫയലുകളും റവന്യു സംഘം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിലം നികത്താനായി ലഭിച്ച അപേക്ഷകളിൽ അനുമതി നിഷേധിക്കപ്പെട്ടവയും അല്ലാത്തതുമൊക്കെയുമായ ഫയലുകളാണ് പരിശോധിക്കുന്നത്. ചൂർണ്ണിക്കര മാതൃകയിൽ വളഞ്ഞ വഴിയിലൂടെ ആരെങ്കിലും വ്യാജ ഉത്തരവ് തരപ്പെടുത്തുകയോ അത് മറയാക്കി നിലം നികത്തുകയോ ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ഉണ്ടാവും.
വില്ലേജ് ഓഫീസുകളിൽ നിലംനികത്തലുമായി ബന്ധപ്പെട്ട് നിരസിച്ച അപേക്ഷകളുടെ വിവരങ്ങളാണ് റവന്യു ഉദ്യോഗസ്ഥർ ശേഖരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം പരിശോധന പൂർത്തിയാക്കാനാണ് നിർദേശം. നിലംനികത്തൽ, ഭൂമി തരംതിരിക്കൽ ഉത്തരവുകൾ പരിശോധിക്കുന്നതിനൊപ്പം നിലവിലെ സംവിധാനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടാനും പരിശോധക സംഘത്തിന് നിർദേശമുണ്ട്. ചൂർണിക്കര സംഭവത്തിൽ പൊലീസും റവന്യു വകുപ്പും നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ ലഭിച്ചശേഷം ഇത്തരം തട്ടിപ്പുകൾ ഉണ്ടാകാത്ത വിധം റവന്യു വകുപ്പിനെ കാലോചിതമായി പരിഷ്കരിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഒരേ സീറ്റിൽ ഇരിപ്പുറപ്പിച്ചവരെ കണ്ടെത്തും
വില്ലേജ് ഓഫീസുകളിൽ ഉൾപ്പെടെ ഒരേ സീറ്റിലും സെക്ഷനിലും വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങളും ഇതോടൊപ്പം ശേഖരിക്കുന്നുണ്ട്. ജീവനക്കാർ ഒരേ സീറ്റിൽ വർഷങ്ങളായി തുടരുന്നത് ഇത്തരം ക്രമക്കേടുകൾക്കും വഴിവിട്ട നടപടികൾക്കും ഇടയാക്കുമോ എന്ന സംശയത്തിലാണിത്. എന്നാൽ ജീവനക്കാരെ സ്ഥലംമാറ്റുന്നതുൾപ്പെടെയുളള കാര്യങ്ങളിൽ സർക്കാർ തലത്തിലാകും തീരുമാനമുണ്ടാകുക. സംഘടനാ സ്വാധീനം ഉപയോഗിച്ചും ഉന്നത പിടിപാടിലും വർഷങ്ങളായി ഒരേ സീറ്റിൽ ഇരിക്കുന്ന ചില ജീവനക്കാരുണ്ട്. പൊതുസ്ഥലമാറ്റ പട്ടികയിലൊന്നും പെടാതെ കഴിയുന്ന ഇത്തരക്കാരെ കണ്ടെത്തുകയാണ് ലക്ഷ്യം.
''ചൂർണ്ണിക്കരയിലെ നിലം നികത്തലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ച പശ്ചാത്തലത്തിൽ സമാന സംഭവങ്ങൾ ആവർത്തിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണ്. മൂന്നാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാകും. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ഇത്തരം തട്ടിപ്പുകൾ തടയാൻ ആവശ്യമായ നടപടികൾ സർക്കാർ തലത്തിൽ കൈക്കൊള്ളും-യു.വി ജോസ്, ജോയിന്റ് കമ്മിഷണർ, ലാന്റ് റവന്യു കമ്മിഷണറേറ്റ്