bihar

പാട്ന: പരാതിയും പരിഭവങ്ങളും മറന്ന് കൂടപ്പിറപ്പിനു വേണ്ടി ഒന്നിച്ചിറങ്ങിയിരിക്കുകയാണ് ബീഹാറിൽ ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജ് പ്രതാപ് യാദവും തേജസ്വി യാദവും. ഇരുവരും മൂത്ത സഹോദരി മിസ ഭാരതിയ്ക്കു വേണ്ടി രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പാടലീപുത്ര മണ്ഡലത്തിൽ നടന്ന റാലിയിൽ ആർ.ജെ.ഡി സ്ഥാനാർത്ഥിയായ മിസയുടെ ഇരു വശത്തായി തേജ് പ്രതാപും തേജസ്വിയും ഉണ്ടായിരുന്നു. കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിലിൽ കഴിയുന്ന പിതാവ് ലാലു പ്രസാദ് യാദവിന്റെ ചിത്രവും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

ഭാര്യക്കെതിരെ വിവാഹ മോചന ഹർജി നൽതിയതോടെ തേജ് പ്രതാപും കുടുംബവും തമ്മിൽ സ്വര ചേർച്ചയില്ലായമ ആരംഭിച്ചിരുന്നു. ഭാര്യാ പിതാവും മുൻ മന്ത്രിയുമായ ചന്ദ്രിക റായി സാരൻ മണ്ഡലത്തിൽ നിന്ന് മത്സരിക്കും എന്ന് പ്രഖ്യാപിച്ചതോടെ ഇത് കൂടുതൽ കടുത്തു. തേജ് പ്രതാപ് അടുത്തിടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ അദ്ധ്യക്ഷൻ സ്ഥാനത്തു നിന്ന് ഒഴി‌ഞ്ഞിരുന്നു. മാത്രവുമല്ല താൻ നിർദ്ദേശിച്ച പേരുകൾ പരിഗണിക്കാതിരുന്നതിനാൽ ചില സീറ്റുകളിലെ ആർ.ജെ.ഡി സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്തുകയും ചെയ്‌തിരുന്നു. തേജ് പ്രതാപും തേജസ്വിയും തമ്മിലുള്ള പിണക്കം ആ‌ർ.ജെ.ഡിയിൽ ചർച്ചാ വിഷയമായിരുന്നു.
പക്ഷേ, സഹോദരിയുടെ കാര്യം വന്നപ്പോൾ ഇരുവരും പരസ്പരം പിണക്കങ്ങൾ മാറ്റിവയ്ക്കുകയായിരുന്നു.

പാടലീപുത്രയിലാണ് മിസ ഭാരതി മത്സരിക്കുന്നത്. 2014ലും മിസ ഇവിടെ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 2009ൽ രഞ്ജൻ പ്രസാദ് യാദവിനെതിരെ ഇവിടെ നിന്ന് മത്സരിച്ച ലാലു പ്രസാദ് യാദവും പരാജയപ്പെട്ടിരുന്നു. സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ റാം കൃപാൽ യാദവിനെതിരെയാണ് മിസ മത്സരിക്കുന്നത്. ലാലുവിന്റെ അനുയായി ആയിരുന്ന റാം കൃപാൽ യാദവ് 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ ചേരുകയായിരുന്നു.

ഇളയ സഹോദരൻ തേജസ്വിയോട് തനിക്കുള്ള സ്നേഹം വീണ്ടും ഉറപ്പിച്ച് പറയുകയാണ് തേജ് പ്രതാപ് യാദവ്. തേജസ്വിയെ അർജ്ജുനനായി കാണുന്നുവെന്നും കൃഷ്‌ണനെ പോലെ താൻ എന്നും തേജസ്വിയ്ക്കൊപ്പം ഉണ്ടാകുമെന്നും തേജ് പ്രതാപ് പറഞ്ഞു.