വിമാന സർവീസുകൾ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കാര്യമായി വർദ്ധിക്കുന്നതായിട്ടാണ് സമീപകാലത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഒരുകിലോ സ്വർണം വിദേശത്തു നിന്ന് ഇവിടെ എത്തിച്ചുകൊടുത്താൽ അരലക്ഷം രൂപയാണത്രെ കമ്മിഷൻ. അധികം വിയർക്കാതെ തന്നെ ഈ പണി ഏറ്റെടുക്കാൻ ആണും പെണ്ണും റെഡിയായി നിൽക്കുമ്പോൾ സ്വർണക്കടത്തിന്റെ അളവും തൂക്കവും വർദ്ധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇക്കഴിഞ്ഞ ദിവസം ഇരുപത്തഞ്ച് കിലോ സ്വർണമാണ് വിമാനത്താവളത്തിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥർ പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും കൂടി മസ്കറ്റിൽ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണമായിരുന്നു ഇത്. എതിർ സംഘത്തിൽപെട്ട ആരോ രഹസ്യവിവരം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡി.ആർ.ഐയുടെ നിരീക്ഷണവും പരിശോധനയും. ഏതായാലും എട്ടുകോടിയിൽപ്പരം രൂപ വിലവരുന്ന സ്വർണം കേന്ദ്ര ഖജനാവിന് മുതൽക്കൂട്ടായി.
സ്വർണക്കടത്ത് സംഘങ്ങളെ സഹായിക്കാൻ വിമാനത്താവളത്തിൽ വിവിധതലങ്ങളിലുള്ള ഉദ്യോഗസ്ഥരിൽ ചിലരുടെ സഹായവും ലഭിക്കുന്നുണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല. ഈ അടുത്ത നാളുകളിൽ പലതവണ വൻതോതിൽ സ്വർണം പിടികൂടിയിരുന്നു. റൺവേയിൽ വച്ചുതന്നെ കൈമറിഞ്ഞു കിട്ടിയ സ്വർണക്കട്ടികളുമായി ജീവനക്കാർക്കുള്ള ഗേറ്റ് വഴി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അന്ന് എയർപോർട്ട് ജീവനക്കാരിലൊരാൾ സുരക്ഷാഭടന്മാരുടെ പിടിയിലായത്. കഴിഞ്ഞ ദിവസം ഒരു കൂസലുമില്ലാതെ ഹാൻഡ് ബാഗിലാണ് ഓരോ കിലോ വരുന്ന 25 സ്വർണക്കട്ടികൾ കടത്താൻ ശ്രമിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നേവരെ നടന്നിട്ടുള്ളതിൽ വച്ചേറ്റവും വലിയ സ്വർണക്കടത്താണിത്. മൂന്നുവർഷത്തിനിടെ 88 കിലോ സ്വർണമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത്.
തിങ്കളാഴ്ച ഡി.ആർ.ഐയുടെ പിടിയിലായ സ്വർണം കടത്തുകാരെ ചോദ്യം ചെയ്തതിൽ വലിയൊരു ശൃംഖലയിലെ കണ്ണികളാണിവരെന്നു സൂചന ലഭിച്ചതായാണു വിവരം. ദുബായിൽ ബ്യൂട്ടിപാർലർ നടത്തുന്ന വനിത ഇതിനു മുമ്പും അനവധി തവണ സ്വർണവുമായി ഇവിടെ എത്തിയിട്ടുണ്ടത്രെ. പിടിയിലായ സുനിൽകുമാർ കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായിരുന്നു. റിസ്കുണ്ടെങ്കിലും കൈനിറയെ പണം ലഭിക്കുമെന്നതിനാലാവാം ഈ വഴിക്കു തിരിഞ്ഞത്. സ്വർണക്കടത്ത് സംഘത്തിന്റെ വലകൾ വളരെ വലുതാണെന്ന നിഗമനത്തിൽ അന്വേഷണം വിപുലമാക്കാനൊരുങ്ങുകയാണ് അധികൃതർ. അന്വേഷണം തുടങ്ങേണ്ടത് എയർപോർട്ടിൽ നിന്നു തന്നെയാകണം. കാരണം ഇതിനു മുമ്പ് നടന്ന വലിയ കടത്തിനു പിന്നിലൊക്കെ വിമാനത്താവളത്തിലെ ചിലരുടെ ഒത്താശയും സഹായവും ലഭിച്ചതായി തെളിവ് കിട്ടിയതാണ്. കള്ളക്കടത്തിലേർപ്പെട്ടിട്ടുള്ള എല്ലാ സംഘങ്ങൾക്കും ഇതുപോലെ വിമാനത്താവളവുമായി ബന്ധപ്പെട്ടവരുമായി രഹസ്യ ബന്ധങ്ങൾ കാണുമെന്നത് യാഥാർത്ഥ്യമാണ്. സ്വർണക്കടത്തിൽ മാത്രമല്ല ലഹരിവസ്തുക്കളുടെ കടത്തിലും വിമാനത്താവളങ്ങൾ പ്രധാന കേന്ദ്രങ്ങളാണ്. തിരുവനന്തപുരത്തു തന്നെ എത്രയോ വലിയ ലഹരിവേട്ടയ്ക്ക് എയർപോർട്ട് സാക്ഷിയായ ചരിത്രമുണ്ട്. വിമാനത്തിൽ രഹസ്യമായി കൊണ്ടുവരുന്ന സ്വർണം വിമാനത്തിലെയും എയർപോർട്ടിലെയും ജീവനക്കാരിൽ ചിലരുടെ സഹായത്തോടെ പുറത്തെത്തിച്ച് ഇടപാടുകാർക്ക് കൈമാറുന്ന സമ്പ്രദായം പരക്കെ ഉള്ളതാണ്. തിരുവനന്തപുരത്തു തന്നെ സമീപകാലത്ത് തുടർച്ചയായി ഇത്തരം നിരവധി കേസുകൾ വെളിച്ചത്തായിരുന്നു. പിടികൂടിയ കേസുകളിലുൾപ്പെട്ടവരുടെ കഥയൊന്നും പിന്നെ കേട്ടതുമില്ല.
കള്ള സ്വർണത്തിന് സംസ്ഥാനത്തെമ്പാടും ആവശ്യക്കാർ ധാരാളമുള്ളതുകൊണ്ട് സ്വർണക്കടത്ത് അതീവ ലാഭകരമായ ബിസിനസായി കൊണ്ടുനടക്കുന്ന സംഘങ്ങൾ എല്ലാക്കാലത്തും സജീവമാണ്. കസ്റ്റംസിന്റെയും ഇന്റലിജൻസിന്റെയും മറ്റും നിരീക്ഷണം മറികടന്നാവും പലപ്പോഴും സ്വർണക്കടത്തുകാർ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നത്. ഇപ്പോഴത്തെ ഇടപാടിൽ ഉൾപ്പെട്ട വനിത കൂടക്കൂടെ ഇവിടെ വന്നുപോയിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം. നിരീക്ഷണം കുറ്റമറ്റ നിലയിലായിരുന്നുവെങ്കിൽ ഇതിനു മുൻപേ പിടി വീഴേണ്ടതായിരുന്നു. എന്തായാലും സ്വർണം ഉൾപ്പെടെ നിരോധിത വസ്തുക്കൾ അനായാസം കടത്തിക്കൊണ്ടുവരാൻ ഏറ്റവും പറ്റിയ ഇടം എന്ന നിലയിൽ സംസ്ഥാനത്തെ ഈ പ്രഥമ അന്താരാഷ്ട്ര വിമാനത്താവളം മാറാതിരുന്നാൽ മതി.