national-highway-developm
national highway development

തിരുവനന്തപുരം: ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കൽ നടപടികൾ കേരളം പൂർത്തിയാക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കാമെന്ന് ദേശീയപാത അതോറിട്ടിയും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പും. അതോറിട്ടി ചെയർമാൻ നാഗേന്ദ്രനാഥ് സിംഗുമായി തിങ്കളാഴ്ചയും കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി സഞ്ജീവ് രഞ്ജനുമായി ഇന്നലെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജി. കമലവർദ്ധനറാവു ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ ദേശീയപാത വികസനത്തിനുള്ള ഒന്നാം മുൻഗണനാ പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് എന്ന് ഇറക്കുമെന്ന കാര്യത്തിൽ ചർച്ചയിൽ ഉറപ്പൊന്നും ലഭിച്ചില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ അവസാനിച്ചെന്ന് പറയാനുമാവില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനം ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ഏറ്റെടുത്ത സ്ഥലത്തിന് പണം നൽകേണ്ടതും കണ്ടെത്തിയ സ്ഥലത്തിന്റെ 3 ഡി നോട്ടിഫിക്കേഷൻ നടത്തേണ്ടതും ദേശീയപാത അതോറിട്ടിയാണ്. കാസർകോട് ജില്ലയിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ഭൂമിക്ക് പോലും പണം നൽകാതെ എന്ത് തുടർനടപടിയെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ചോദ്യം.

എൻ.എച്ച്.എ.ഐ ചെയ്യേണ്ട കാര്യങ്ങൾ

*കൊല്ലം ജില്ലയിൽ സർവേ നടത്തി കല്ലിട്ടെങ്കിലും ഇതിൽ കൺസൽട്ട് പിഴവ് കണ്ടെത്തിയതിനാൽ കല്ല് പിഴുതുമാറ്റേണ്ടി വന്നു.വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാൽ വീണ്ടും 3 എ നോട്ടിഫിക്കേഷൻ നടത്തണം.

*കാസർകോട്ട് 3 ജി നോട്ടിഫിക്കേഷൻ കഴിഞ്ഞ സ്ഥലത്തിന് നൽകേണ്ട പണത്തിന്റെ കണക്ക് നൽകി. ഫണ്ട് അനുവദിക്കണം.

*തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം വരെയുള്ള ഭാഗത്തെ അലൈൻമെന്റ് അന്തിമമായി നിശ്ചയിക്കണം.

ഏറ്റെടുക്കൽ നടപടി തുടരാം.

പാതവികസനത്തിന് ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികളുമായി കേരളത്തിന് മുന്നോട്ടുപോകാം. അത് പൂർത്തിയാവുന്ന മുറയ്ക്ക് എൻ.എച്ച്.എ.ഐ തുടർ നടപടികൾ സ്വീകരിക്കും.

ജി. കമലവർദ്ധന റാവു (പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി)

#സ്ഥലമേറ്റെടുപ്പിന്റെ രീതി

3 എ നോട്ടിഫിക്കേഷൻ - ഏറ്റെടുക്കുന്ന സ്ഥലങ്ങൾ വിശദമാക്കി നടത്തുന്ന ആദ്യഘട്ട വിജ്ഞാപനം

3 ഡി നോട്ടിഫിക്കേഷൻ - സ്ഥലം നിശ്ചയിച്ചാൽ സർവേ നടത്തി കല്ലിടാനുള്ള പരസ്യപ്പെടുത്തൽ. വില നിശ്ചയിക്കലും രേഖകൾ പരിശോധിക്കലും ഹിയറിംഗും നടക്കും

3 ജി നോട്ടിഫിക്കേഷൻ - നിശ്ചയിച്ച വില നൽകി സ്ഥലം ഏറ്റെടുക്കാനുള്ള പരസ്യം.

ഏറ്റെടുത്ത സ്ഥലത്തിന് യഥാസമയം വില നൽകാനായില്ലെങ്കിൽ ദേശീയപാത അതോറിട്ടിക്ക് ബാദ്ധ്യത കൂടും. 3 എ നോട്ടിഫിക്കേഷൻ തീയതി മുതൽ പണം നൽകുന്ന ദിവസം വരെ 12 ശതമാനം പലിശ നൽകണം.