മുംബയ്: യോഗത്തിനിടെ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തിയ കോൺഗ്രസ് വനിതാ എം.എൽ. എ വിവാദത്തിൽ. മഹാരാഷ്ട്രയിലെ ടിയോസ നിയോജമണ്ഡലത്തിലെ എം.എൽ.എ യശോമതി താക്കൂറാണ് പുലിവാൽ പിടിച്ചത്. അമരാവതിയിൽ കഴിഞ്ഞദിവസം നടന്ന ജലവിതരണ വകുപ്പ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സംഭവം. .
യോഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഉദ്യോഗസ്ഥരുടെ പ്രവൃത്തിയിൽ അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയായിരുന്നു യശോമതി അവരെ രൂക്ഷമായി വിമർശിക്കുകയും തെറിവിളിക്കുകയും ചെയ്തത്. ഇത് വീഡിയോയി വ്യക്തമാണ്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി യശോമതി രംഗത്തെത്തി. അധികാരികൾ കുടിവെള്ളം വിതരണം ചെയ്യേണ്ടവരാണ്. എന്നാൽ അവർ കുടിവെള്ളം വിതരണം ചെയ്യുന്നില്ല. അതുകൊണ്ടാണ് തങ്ങൾ പൊട്ടിത്തെറിച്ചത്. ജില്ലാ കലക്ടർ വെള്ളം വിതരണം ചെയ്യാൻ ഉത്തരവിട്ടെങ്കിലും ഒരു ബി.ജെ.പി എംഎൽഎ ഇടപ്പെട്ട് വിതരണം തടയുകയായിരുന്നു-യശോമതി പറയുന്നു.