ബാലരാമപുരം: പഞ്ചായത്തുകളിലെ ആരോഗ്യ ഇൻഷ്വറൻസ് ചികിത്സാകാർഡ് പുതുക്കുന്നത് സംബന്ധിച്ച വിഷയത്തിൽ പരാതിയുമായി അപേക്ഷകർ രംഗത്ത്. കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയരുന്നത്.അശാസ്ത്രീയമായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് ഗുണഭോക്താക്കൾ ആരോപിക്കുന്നത്. ബാലരാമപുരം പഞ്ചായത്തിൽ ബാലരാമപുരം ഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം ആരോഗ്യ ഇൻഷ്വറൻസ് ചികിത്സാ കാർഡ് പുതുക്കാൻ എത്തിയവരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റം വരെയുണ്ടായി. ഒടുവിൽ ബാലരാമപുരം പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. നേരത്തെ നിശ്ചയിച്ച പ്രകാരം ടോക്കൻ സംവിധാനത്തിലാണ് ചികിത്സാ കാർഡ് പുതുക്കുന്നത്. ഒരു ദിവസം 150 ടോക്കൺ ആണ് നൽകുന്നത്. ടോക്കൺ കൊടുത്തവർക്ക് കാർഡ് പുതുക്കി നൽകിയതിനു ശേഷമേ മറ്റുള്ള അപേക്ഷരെ പരിഗണിക്കൂ. ടോക്കൺ സംവിധാനം പാടെ പരാജയമാണെന്നാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പറയുന്നത്. വാർഡ് തലത്തിൽ ക്യാമ്പുകൾ സജ്ജീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ആയിരക്കണക്കിന് ആൾക്കാരാണ് ചികിത്സാ കാർഡ് പുതുക്കുന്നതിന്റെ ഭാഗമായി ദിവസവും സ്കൂളിൽ എത്തുന്നത്. കൊടും ചൂടിൽ കാത്ത് നിന്നിട്ടും ടോക്കൺ കിട്ടാതെ കഴിഞ്ഞ ദിവസ കുഴഞ്ഞു വീണ സ്ത്രീയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ വാർഡുകൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ സജ്ജീകരിക്കാൻ നിയമതടസമുണ്ടെന്നാണ് പഞ്ചായത്ത് അറിയിച്ചിരിക്കുന്നത്.
ആദ്യം ബാലരാമപുരം കുടുംബആരോഗ്യകേന്ദ്രത്തിലാണ് ക്യാമ്പ് ആരംഭിച്ചത്. എന്നാൽ അപേക്ഷരുടെ എണ്ണക്കൂടുതലും രോഗികളുടെ പരാതിയും കാരണം ബാലരാമപുരം ഹയർസെക്കന്റെറി സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ടോക്കൻ സംവിധാനം മാറ്റി രണ്ട് വാർഡുകളിൽ ഉള്ളവർക്ക് ഒരു ദിവസം അനുവദിച്ച് എല്ലാപേർക്കും കാർഡ് പുതുക്കി നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
വിവിധ വാർഡുകളിൽ നിന്ന് ആയിരക്കണക്കിന് ആൾക്കാരാണ് ഇൻഷ്വറൻസ് കാർഡ് പുതുക്കാൻ എത്തുന്നത്. ഇതുവരെ ഇരുപത് ശതമാനം പേർക്ക് പോലും ഇൻഷ്വറൻസ് കാർഡ് പുതുക്കി നൽകിയിട്ടില്ലെന്നും ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.