ration-card

തിരുവനന്തപുരം: പണമിറക്കി ഇരട്ടി പണം കൊയ്യുന്നവർക്ക് പറ്റിയ കച്ചവടമേഖലയാണ് റേഷൻ വിപണി. അതിന് ലൈസൻസി ആകണമെന്നൊന്നുമില്ല. ലൈസൻസിയിൽ നിന്ന് റേഷൻ കട വാടക വ്യവസ്ഥയിൽ എടുത്താൽ മതി. ലക്ഷങ്ങൾ സമ്പാദിക്കാം ! അരിവിഹിതം കൂടുതലുള്ള എ.എ.വൈ, മുൻഗണനാ കാർഡുകൾ ഏറെയുള്ള കടകൾക്കാണ് ഡിമാൻഡ് കൂടുതൽ.

ഇങ്ങനെ റേഷൻകട നടത്തുന്നവരിൽ റേഷൻ വ്യാപാരികളുടെ സംഘടനാ നേതാക്കൾ വരെയുണ്ട്.

റേഷൻ കാർഡുകളും ലഭിക്കുന്ന ധാന്യവിഹിതവും അടിസ്ഥാനമാക്കിയാണ് ഈ കച്ചവടത്തിലെ ലാഭം. 400 കാർഡ് വരെയുള്ള റേഷൻകടയുടെ നടത്തിപ്പ് അവകാശം ഒരു വർഷത്തേക്ക് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ രൂപയ്ക്ക് നേടുന്നവരുണ്ട്. 400 കാർഡുള്ള ഒരു കടയ്ക്ക് മാസം നാലായിരം കിലോഗ്രാം വരെ ധാന്യം ലഭിക്കാറുണ്ട്. ഇതിൽ പകുതി കരിഞ്ചന്തയിൽ എത്തിച്ചാൽ കിട്ടുന്നത് 30,000 രൂപ. കിലോഗ്രാമിന് 15, 16 രൂപയ്ക്കാണ് അരി മറിച്ചു വിൽക്കുന്നത്. വർഷത്തിൽ മൂന്നര ലക്ഷത്തിലേറെ രൂപ ഇങ്ങനെ നേടാം. മുടക്കിയതിന്റെ ഇരട്ടിയിലധികം കൈയിൽ വരും. തീരപ്രദേശങ്ങളിലാണെങ്കിൽ വൻതോതിൽ മണ്ണെണ്ണയും കരിഞ്ചന്തയിൽ എത്തിക്കാറുണ്ട്.

ലൈസൻസിക്ക് കച്ചവടം നടത്താൻ താത്പര്യമില്ലെങ്കിൽ ഇങ്ങനെ കിട്ടുന്ന ലക്ഷങ്ങൾ വാങ്ങി വേറെ പണിക്ക് പോയാൽ മതി.

ഇങ്ങനെ പല ലൈസൻസികളുടെ പത്തും പതിനഞ്ചും കടകൾ ഒരുമിച്ചെടുത്ത് കച്ചവടം നടത്തുന്നവരുണ്ട്. ഇവരെ പറ്റി സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരവും ഉണ്ട്. പക്ഷേ, മാസപ്പടി കൃത്യമായി എത്തുന്നുണ്ടോ എന്നു മാത്രമേ അവർ ശ്രദ്ധിക്കാറുള്ളൂ.


റേഷൻ വെട്ടിപ്പ് തടയണം

കാർഡുടമകൾ കൃത്യമായി

റേഷൻ വാങ്ങണം

റേഷൻ വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥർ തന്നെ അതിന് ഒത്താശ ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് മാത്രമെ ഇതു തടയാൻ കഴിയൂ. അതിന് റേഷൻ വിഹിതം എല്ലാ മാസവും കടയിലെത്തി വാങ്ങണം. കടക്കാരുടെ നുണകളിൽ വീഴാതിരിക്കാൻ റേഷൻ വിഹിതത്തെ കുറിച്ച് ബോദ്ധ്യം ഉണ്ടായിരിക്കണം.

റേഷൻ വിഹിതം ഇങ്ങനെ

അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്)

കാർഡൊന്നിന് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യം, ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക്.

മുൻഗണനാ വിഭാഗം (പിങ്ക്)

കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും രണ്ടു രൂപ നിരക്കിൽ

പൊതുവിഭാഗം സബ്സിഡി (നീല)

കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി നാലു രൂപ നിരക്കിൽ രണ്ടു മുതൽ മൂന്നു കിലോ വരെ ആട്ട 17 രൂപയ്ക്ക്

പൊതുവിഭാഗം (വെള്ള)

കാർഡൊന്നിന് 5 കിലോ അരി 10.90 രൂപ നിരക്കിൽ

രണ്ടു മുതൽ മൂന്നു കിലോ വരെ ആട്ട 17 രൂപയ്ക്ക്