തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാല്- അഞ്ച് മണ്ഡലങ്ങളിൽ യു.ഡി.എഫ് അനായാസം ജയിക്കുമെന്ന് കെ.പി.സി.സി നേതൃയോഗത്തിന്റെ വിലയിരുത്തൽ. മറ്റിടങ്ങളിൽ കടുത്ത പോരാട്ടം നടന്നെങ്കിലും ഇരുപതിടത്തും വിജയിക്കുമെന്ന് നേതൃയോഗത്തിനു ശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇരുപത് മണ്ഡലങ്ങളിലെയും രാഷ്ട്രീയസാഹചര്യങ്ങൾ വിശദീകരിച്ചത് അതത് മണ്ഡലങ്ങളുൾപ്പെടുന്ന ഡി.സി.സികളുടെ പ്രസിഡന്റുമാരാണ്. എല്ലാവരും വിജയപ്രതീക്ഷ പങ്കുവച്ചപ്പോൾ തൃശൂരിലെ ജയസാദ്ധ്യതയെപ്പറ്റി ഉറപ്പില്ലെന്ന, ഡി.സി.സി പ്രസിഡന്റ് കൂടിയായ സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ പ്രതികരണം വേറിട്ടതായി. തൃശൂർ ഡി.സി.സിക്കു കീഴിൽ വരുന്ന ആലത്തൂരിലും ചാലക്കുടിയിലും ജയിക്കുമെന്ന് പ്രതാപൻ ഉറപ്പിച്ചു പറയുകയും ചെയ്‌തു.
ഫലമറിഞ്ഞിട്ട്
വിശദ ചർച്ച
നേരത്തേ മുതൽ പലരും സംശയം പ്രകടിപ്പിച്ച പാലക്കാട്ട് വിജയം ഉറപ്പെന്നായിരുന്നു സ്ഥാനാർത്ഥിയും ഡി.സി.സി പ്രസിഡന്റുമായ വി.കെ. ശ്രീകണ്ഠന്റെ ആത്മവിശ്വാസം. 23- ന് ഫലമറിഞ്ഞ ശേഷം വിശദമായ അവലോകന ചർച്ചയാവാമെന്നാണ് യോഗതീരുമാനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെല്ലാം അപ്പോൾ ചർച്ച ചെയ്യാം.
ഇരുപത് മണ്ഡലങ്ങളിലും പരമാവധി പഴുതുകളടച്ച് മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്‌ക്കാനായെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ ഒരിക്കലുമില്ലാത്ത ഐക്യമാണ് പ്രകടിപ്പിച്ചത്. യു.ഡി.എഫിലും അതേ സഹകരണമുണ്ടായി. പ്രവർത്തകരുടെ പിന്തുണയില്ലായിരുന്നുവെന്ന പരാതി ഒരിടത്തുനിന്നും ഉണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങൾ, അവശർ, വൃദ്ധർ, രോഗികൾ, യുവാക്കൾ, സ്ത്രീകൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവർ നല്ല നിലയിൽ പ്രതികരിച്ചു. ജനങ്ങളിൽ അഭൂതപൂർവ്വമായ ആവേശം ദർശിക്കാനായി.
ന്യനപക്ഷങ്ങൾ
കൂടെ നിന്നു
ന്യൂനപക്ഷ വിഭാഗങ്ങൾ അതിരാവിലെ മുതലെത്തി ക്യൂ നിന്ന് വോട്ടു ചെയ്‌തത് യു.ഡി.എഫിന് ഗുണകരമായി. പരമ്പരാഗതമായി യു.ഡി.എഫിന് വോട്ടു ചെയ്യാത്ത വിഭാഗക്കാർ പോലും ഒരഭ്യർത്ഥനയുമില്ലാതെ യു.ഡി.എഫിന് വോട്ടു ചെയ്‌തു. മോദി- പിണറായി സർക്കാരുകളാൽ വഞ്ചിക്കപ്പെട്ടുവെന്ന വികാരമാണ് പൊതുവിലുണ്ടായത്. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കാനുള്ള തീരുമാനം വന്നതോടെ എല്ലാം യു.ഡി.എഫിന് അനുകൂലമായി.
മികച്ച സ്ഥാനാർത്ഥികളാണ് യു.ഡി.എഫിന് തുണയായ മറ്റൊരു കാര്യം.
കോൺഗ്രസിനെതിരായ അടിയൊഴുക്ക് എവിടെയുമുണ്ടായിട്ടില്ല. അടിയൊഴുക്കുകളുണ്ടായതെല്ലാം സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരെയാണ്. ഒരു കാലത്തുമില്ലാത്ത വിധം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമുണ്ടായി. സർക്കാർസംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടു. എത്രമാത്രം സ്വതന്ത്രവും നീതിപൂർവകവുമായാണ് തിരഞ്ഞെടുപ്പു നടത്തിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പരിശോധിക്കണം. ഉത്തരവാദപ്പെട്ട രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാനത്തെ നേതാവായ തന്റെ അഭിപ്രായം കണക്കിലെടുത്ത് സ്വമേധയാ കേസെടുത്ത് അന്വേഷിച്ചു വേണം തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌പക്ഷത തെളിയിക്കാൻ.
പരിശോധനയ്‌ക്ക്
ജോസഫ കമ്മിറ്റി
നോട്ടീസ് നൽകാതെ വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ വെട്ടിമാറ്റിയതിനെപ്പറ്റി പരിശോധിക്കാൻ കെ.സി. ജോസഫ് കൺവീനറായി കമ്മിറ്റി രൂപീകരിച്ചു. ഇവർ എല്ലാ മണ്ഡലങ്ങളിലുമെത്തി തെളിവെടുത്ത് റിപ്പോർട്ടു നൽകും. 17-ന് കണ്ണൂരിലും 18-ന് കാസർകോട് മണ്ഡലത്തിലെ കാഞ്ഞങ്ങാട്ടും തെളിവെടുപ്പ് നടത്തും. തെളിവ് തിരഞ്ഞെടുപ്പു കമ്മിഷനും നൽകും. കോടതിയിൽ പോകുന്നതും ആലോചിക്കും. പൊലീസുകാരുടെ തപാൽവോട്ട് തിരിമറിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത് പോരാട്ടത്തിന്റെ ആദ്യജയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.