e

വെമ്പായം: വട്ടപ്പാറ, വെമ്പായം, വെഞ്ഞാറമൂട് മേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷമായിട്ടും നടപടി എടുക്കാതെ അധികൃതർ. നാട്ടുകാർ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാത്ത ദിവസം ഇല്ല. കഴിഞ്ഞ ദിവസം വെമ്പായം നൂറേക്കർ പിണറും കോണത്ത് എട്ട് വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവിടെ നിരവധി വീടുകളിൽ വളർത്ത് മൃഗങ്ങളെ പേ ഇളകിയ തെരുവ് നായ്കൾ ആക്രമിച്ചിരുന്നു.

മാസങ്ങൾക്ക് മുൻപ് വാവ് കോണത്ത് പതിനഞ്ച് പേരാണ് നായയുടെ കടിയേറ്റ് ആശുപത്രിയിൽ ആയത്. ഇതിൽ ഏഴ് വയസുകാരന്റെ നില ഗുരുതരവുമായിരുന്നു. മേഖലയിൽ വട്ടപ്പാറ മാർക്കറ്റ്, കുറ്റിയാണി, ഇടുക്കുംതല, വേറ്റിനാട്, വെഞ്ഞാറമൂട് മാർക്കറ്റ് ജംഗഷൻ, മാണിക്കൽ, കന്യാർകുളങ്ങര മാർക്കറ്റിന് സമീപമുള്ള പ്രദേശങ്ങൾ, ആലിയാട്, വാവ്കോണം, ചേലയം തുടങ്ങിയ സ്ഥലങ്ങളെല്ലാം തെരുവ് നായ്ക്കളുടെ പിടിയിലമർന്നിരിക്കുകയാണ്.

കൂട്ടമായെത്തുന്ന നായ്ക്കൾ ഒ​റ്റയ്ക്ക് നടക്കുന്നവരെ പിന്തുടർന്ന് ആക്രമിച്ച സംഭവങ്ങളുമുണ്ട്. റോഡരികിൽ കൂട്ടമായി നില്ക്കുന്ന നായ്ക്കൾ പെട്ടെന്ന് റോഡ് മുറിച്ചുകടക്കുന്നത് മൂലമാണ് ഇരുചക്ര വാഹനയാത്രക്കാരിലേറയും അപകടത്തിൽപ്പെടുന്നത്. മാർക്ക​റ്റിലെ മത്സ്യ- മാംസ ശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ യഥേഷ്ടം ലഭിക്കുന്നതാണ് ഇവ ഇത്തരത്തിൽ പെരുകാൻ കാരണം.