കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാം വ്ലാവെട്ടിമരക്കുന്നത്തെ മാൻപാർക്കിലെത്തുന്നവർക്ക് മാനുകളെ കാണണമെങ്കിൽ ഭാഗ്യം വേണമെന്ന അവസ്ഥയാണിപ്പോൾ. നെയ്യാർഡാം സംഭരണിയോട് ചേർന്ന് വനപ്രദേശത്ത് 25 ഏക്കർ സ്ഥലത്ത് ചുറ്റുവേലി നിർമ്മിച്ചാണ് മാൻ പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. റോഡരികിൽ 200 മീറ്ററോളം വരുന്ന പ്രദേശം മാൻ പാർക്കിന്റെ മുൻ ഭാഗമായി വരും. ഇവിടെ നിന്നാണ് സഞ്ചാരികൾ മാനുകളെ കാണുന്നത്. രാവിലെയും വൈകിട്ടും തീറ്റ നൽകുന്ന സമയത്ത് മാത്രമാണ് മാനുകൾ കൂട്ടമായി എത്തുന്നത്. ആഹാരശേഷം സഞ്ചാരികൾക്ക് കാണാൻ കഴിയാത്തത്ര ദൂരത്തിൽ ഇവ ഓടിപ്പോകും. ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന പാർക്കിൽ വികസനപ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സഞ്ചാരികൾക്ക് പലപ്പോഴും മാനുകളെ കാണാതെ നിരാശരായി മടങ്ങേണ്ടിവരികയാണ്. പാർക്കിലെ മാനുകളെ പോറ്റാനായി വർഷംതോറും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും പാർക്കിന്റെ വികസനത്തിനായി വനംവകുപ്പ് യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലത്രേ. വരുമാനം ലഭിക്കുന്നതിനും പാർക്കിലെത്തുന്നവർക്ക് മാനുകളെ കണ്ട് ആസ്വദിക്കുന്നതിനുമായി പാർക്കിനുള്ളിൽ റോഡ് നിർമ്മിച്ച് വനംവകുപ്പിന്റെ വാഹനങ്ങളിൽ സഞ്ചാരികളെ കയറ്റി പാർക്കും മാനുകളെയും കാണിക്കാനുള്ള പദ്ധതി ഇതുവരെയും വെളിച്ചംകണ്ടില്ല.
കാർഷിക വിളകളും നശിപ്പിക്കുന്നു
മാനുകളുടെ എണ്ണം കൂടിയതോടെ 10 വർഷം മുൻപ് കുറച്ച് മാനുകളെ കാട്ടിലേക്ക് തുറന്നുവിട്ടിരുന്നു. ഇവ പെറ്റുപെരുകി നാട്ടിലെ കാർഷികവിളകളും റബറും കാർന്നു തിന്നതോടെ പ്രദേശത്തെ കൃഷി പാടെ ഇല്ലാതെയായി. ഇതോടെ കർഷക പ്രതിഷേധവും ശക്തമായിട്ടുണ്ട്. കുട്ടികളുമായി എത്തുന്ന സഞ്ചാരികൾ മണിക്കൂറുകളോളം കാത്തുനിന്നാൽപ്പോലും മാനുകളെ കാണാതെ മടങ്ങേണ്ടി വരും. പാർക്കിലേക്ക് സഞ്ചാരികളെ ആകർഷിക്കാനും വരുമാനം കൂട്ടാനും വേണ്ടി വനംവകുപ്പ് പദ്ധതി തയാറാക്കുന്നുണ്ടെങ്കിലും ഒന്നും യാഥാർത്ഥ്യമാകുന്നില്ല.
മാനുകൾക്ക് ആഹാരത്തിനായി തീറ്റ, പച്ചിലകൾ, പയർ എന്നിവ നൽകുന്നതിനായി വർഷം തോറും മൂന്നരകോടിയിലേറെ രൂപ ചെലവിടുന്നതായാണ് വനം വകുപ്പിന്റെ കണക്ക്. പാർക്കിന്റെ നവീകരണവും അടിസ്ഥാന സൗകര്യവികസനവും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണെന്ന് ആക്ഷേപമുണ്ട്.
പാർക്കിലുള്ളത് 200 ലധികം മാനുകൾ
മാൻ പാർക്ക് ആരംഭിച്ചത് 1995ൽ
മാനുകൾക്കായി വർഷം തോറും ചെലവിടുന്നത് 3.5 കോടിയിലേറെ രൂപ
സഞ്ചാരികളെ ആകർഷിക്കാനോ പാർക്ക് നവീകരിക്കാനോ നടപടിയില്ല