podiyakkala

വിതുര: പേപ്പാറ മുതൽ പൊടിയക്കാല വരെ നാല് കി.മീ. ദൂരമുണ്ട്. ആദിവാസി മേഖലയായ പൊടിയക്കാലയിലേക്കുള്ള റോഡ് ടാറിംഗ് നടത്തണമെന്ന നാട്ടുകാരുടെ പരാതിക്ക് പരിഹാരമില്ല. ആദിവാസികളുടെ നിരന്തരമായ മുറവിളിക്ക് ശേഷം പകുതിയോളം റോഡ് കോൺഗ്രീറ്റ് നടത്തിയിരുന്നു. ശേഷിച്ച റോഡ് ചെമ്മണ്ണ് പാതയായി തന്നെ കിടക്കുകയാണ്. മുപ്പത് വർഷം മുൻപ് പേപ്പാറ ഡാം നിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ നിന്നും മാറ്റി പാർപ്പിച്ചവരാണ് ഇപ്പോൾ പൊടിയക്കാലയിൽ താമസിക്കുന്നത്. ഗതാഗത യോഗ്യമല്ലാത്ത റോഡിലൂടെയാണ് ഈ നാട്ടുകാരുടെ യാത്ര. ഇവിടെയാകട്ടെ കാട്ടാനശല്യവും രൂക്ഷമാണ്. പൊടിയക്കാലയിൽ നിന്നും വിതുര, മീനാങ്കൽ സ്കൂളുകളിലേക്ക് പോയ കുട്ടികൾ പലതവണ കാട്ടാന ശല്യം നേരിട്ടുണ്ട്. ഈ വഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

കാട്ടാന ശല്യം രൂക്ഷമായതോടെയാണ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാരെ ലക്ഷ്യംവച്ച് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങിയത്. വിതുര ഡിപ്പോയിൽ നിന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് സർവീസുകളാണ് പൊടിയക്കാലയിൽ ഉള്ളത്. ബസ് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി റോഡ് ഗതാഗത യോഗ്യമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനമെടുത്ത് പട്ട് വർഷം കഴിഞ്ഞിട്ടും റോഡ് പൂർണമായും നിർമ്മിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. റോഡിന്റെ മിക്ക ഭാഗത്തും കല്ലുകൾ നിഴലിച്ച് നിൽക്കുകയാണ്. പലയിടത്തും കുഴികളുമുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇതുവഴി ഓടുന്ന ബസുകൾ വഴിയിൽ കേടായിക്കിടക്കുന്നതും ട്രിപ്പ് മുടങ്ങുന്നതും പതിവാണ്.

നിരവധി മോഹനസുന്ദരവാഗ്ദാനങ്ങൾ നൽകിയാണ് ആദിവാസികളെ കുടിയിറക്കിയത്. അഞ്ചേക്കർ സ്ഥലം, വാസയോഗ്യമായ വീട്, ശുദ്ധജലം, റോഡ്, വൈദ്യുതി, ജോലി എന്നിങ്ങനെ പോകുന്നു വാഗ്ദാനങ്ങളുടെ പട്ടിക. ഇതിൽ വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് വീട് കിട്ടിയത്. ജോലിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കിട്ടിയിട്ടില്ല. കുടിവെള്ളം ക്ഷാമം രൂക്ഷമായ ഇവിടുത്തെ ജനങ്ങൾ കാട്ടിനുള്ളിൽ കുഴിച്ച കുഴിയിൽ നിന്നാണ് വെളളം ശേഖരിക്കുന്നത്. ഇവരെ കുടിയൊഴുപ്പിച്ച് നിർമ്മിച്ച ഡാം തൊട്ടടുത്ത് കിടക്കുമ്പോഴാണ് ജനങ്ങൾ കുടിവെള്ളത്തിനായി കാടുകയറുന്നത്. പല വീടുകളിലും വൈദ്യുതിയും എത്തിയിട്ടില്ല. കുടിയൊഴിപ്പിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഗതാഗത യോഗ്യമായ റോഡ്. എന്നാൽ റോഡും വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണ്.

പൊടിയക്കാല മേഖലയിൽ കാട്ടാനശല്യം രൂക്ഷമായി. ബസ് യാത്രക്കിടയിൽ അനവധി സ്ഥലങ്ങളിൽ കാട്ടാനകൾ ഭീതി പരത്തുകയാണ്. വഴി മദ്ധ്യേ തമ്പടിച്ചിരിക്കുന്ന ആനകൾ ബസ് സർവീസ് തടസപ്പെടുത്തുക പതിവാണ്. യാത്രക്കാർ ഭീതിയോടെയാണ് ബസിനകത്ത് ഇരിക്കുന്നത്.റോഡിന്റെ തകർച്ചമൂലം വേഗതയിൽ ബസ് ഒാടിക്കുവാനും കഴിയാറില്ല.