നെടുമങ്ങാട്: നഗരസഭ പ്രദേശങ്ങളിൽ പകലും തെരുവുവിളക്ക് തെളിഞ്ഞു നില്കുന്നത് പതിവ് കാഴ്ചയാകുകയാണ്. വിവിധ പ്രദേശങ്ങളിലായി നിരവധി തെരുവുവിളക്കുകളാണ് രാത്രിയും പകലും ഒരുപോലെ കത്തിക്കിടക്കുന്നത്. നെടുമങ്ങാട് മേജർ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരും കരാറുകാരും തമ്മിലുള്ള ശീതസമരമാണ് പ്രശ്നത്തിനു കാരണമെന്ന് ആരോപണമുണ്ട്. നെടുമങ്ങാട് ടൗൺ, കച്ചേരി ജംഗ്‌ഷൻ, പഴകുറ്റി, സൂര്യാ റോഡ്, ഈസ്റ്റ് ബംഗ്ലാവ്, കുളവിക്കോണം, ഹൌസിംഗ് ബോർഡ് ജംഗ്‌ഷൻ, മണക്കോട്, കോളേജ് ജംഗ്‌ഷൻ തുടങ്ങി പ്രധാന പാതകളിലാണ് തെരുവു വിളക്കുകൾ ആഴ്ചകളായി പകലും കത്തിക്കിടക്കുകയാണ്. ലൈറ്റുകളുടെ ഗുണനിലവാരമില്ലായ്മയെ ചൊല്ലി വൈദ്യുതി ബോർഡുകാരും ജീവനക്കാരുടെ അലംഭാവത്തെ ചൊല്ലി നഗരസഭയും ആരോപണ പ്രത്യാരോപണത്തിലാണ്. നഷ്ടമാകുന്ന അമൂല്യമായ വൈദ്യുതിയുടെ തുക ആരൊടുക്കും എന്ന കാര്യത്തിൽ ഇരുകൂട്ടർക്കും ഉത്തരമില്ല. സമീപ സ്ഥലങ്ങളിൽ രാത്രിയിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് നഗരസഭയിൽ പകൽക്കാലത്തും തെരുവുവിളക്കുകൾ മിഴിതുറന്നിരിക്കുന്നത്. പ്രതിദിനം ആയിരക്കണക്കിന് യൂണിറ്റ് വൈദ്യുതിയാണ് ഈ വഴിക്ക് പാഴാകുന്നത്. അടിയന്തര പരിഹാരം കണ്ടെത്തേണ്ട വിഷയത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും ജീവനക്കാർ കാണിക്കുന്ന നിസംഗതയിൽ നഗരവാസികൾക്ക് പ്രതിഷേധമുണ്ട്. തെരുവുവിളക്കു സ്ഥാപിക്കാൻ തിരഞ്ഞെടുത്ത ഏജൻസിയെയും ബൾബുകളെയും കുറിച്ചു നേരത്തെ വ്യാപകമായ പരാതി ഉയർന്നിരുന്നു. പരാതി അന്വേഷിക്കുമെന്ന് വൈദ്യുതി ബോർഡ് നെടുമങ്ങാട് ഡിവിഷൻ അധികൃതർ പറഞ്ഞു.