നേമം: ലാബ് ടെക്നിഷ്യൻ കോഴ്സ് പൂർത്തീകരിച്ച് ജോലി തേടുകയായിരുന്നു യുവതിയെ കഴിഞ്ഞദിവസം വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേമം ഇടയ്ക്കോട് മാങ്കൂട്ടം ഹരിലയത്തിൽ മോഹൻ-ഗീത ദമ്പതികളുടെ മകൾ ഹരിത ജി.മോഹന(23) നാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6 നും 7.45 നും മധ്യേയായിരുന്നു സംഭവം . ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.എന്നാൽ, പിതാവ് മോഹനൻ 6 മണിവരെ വീട്ടിലുണ്ടായിരുന്നു. പ്രാവച്ചമ്പലത്ത് പഴക്കച്ചവടം നടത്തിവരുന്ന മാതാവ് ഗീത കച്ചവടം കഴിഞ്ഞ് 7.45 ഒാടെ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. സഹോദരൻ ഹരീഷും വീട്ടിലുണ്ടായിരുന്നില്ല.
മരണത്തെക്കുറിച്ച് പൊലീസും ബന്ധുക്കളും പറയുന്നത്: ഹരിത തിരുവനന്തപുരം ആയൂർവേദ കോളേജിനു സമീപത്തുളള ഒരു സ്ഥാപനത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സിന് ചേർന്നിരുന്നു. 7 മാസങ്ങൾക്ക് മുൻപ് പഠനം പൂർത്തിയാക്കിയ ഹരിതയ്ക്ക് അംഗീകൃത സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലത്രെ . അതിനു വേണ്ടി മറ്റൊരു പരീക്ഷകൂടി ഉണ്ടാകുമെന്നും അഡിഷണൽ 6000 രൂപ അടയ്ക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു. തുക അടച്ച ശേഷം പരീക്ഷാ തീയതിയ്ക്കായി കാത്തിരിയ്ക്കുകയായിരുന്നു. പരീക്ഷ 2018 സെപ്തംബറിൽ നടക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ അന്ന് പരീക്ഷ നടന്നിരുന്നില്ല. തുടർന്ന് 2019 ജനുവരി , മാർച്ച് മാസങ്ങളിൽ നടത്തുമെന്ന് പറഞ്ഞ പരീക്ഷയും നടന്നില്ല. കബളിപ്പിക്കപ്പെടുകയാണെന്ന് ഹരിതയ്ക്ക് തോന്നിയതോടെ ഇവർ മാനസികമായി തളർന്നിരുന്നു. സർട്ടിഫിക്കറ്റ് ലഭിക്കാത്തതും പരീക്ഷയെഴുതാൻ സാധിക്കാത്തതിലുണ്ടായ മനോവിഷമവും വീട്ടുകാർക്കുണ്ടായ സാമ്പത്തിക ബാധ്യതയുമാണ് ഹരിതയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.