mullappally
mullappally

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ചെറുമീനുകളെ പിടികൂടി വലിയ മീനുകളെ രക്ഷിക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും ഏരിയാസെക്രട്ടറിയെ അറസ്റ്റ് ചെയ്തത് കൊണ്ട് തൃപ്തിയാവില്ല. സത്യസന്ധമായ അന്വേഷണം നടക്കണം. അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം.എം. മണിയെ രക്ഷിക്കാനായി നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയതോടെ കേസ് അട്ടിമറിക്കാൻ സി.പി.എം നടത്തുന്ന ശ്രമങ്ങൾ വ്യക്തമായി. മണി രാജിവച്ച് വിചാരണ നേരിടണം.

പ്രളയാനന്തര ദുരിതാശ്വാസപ്രവർത്തനങ്ങളിലുൾപ്പെടെ സംസ്ഥാനസർക്കാർ പൂർണ പരാജയമാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്ര വിനോദയാത്ര മാത്രമാണ്.

ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേല്പിക്കുന്ന പ്രളയസെസ് തീരുമാനം പിൻവലിക്കണം. മസാലബോണ്ട് കേരളത്തെ സർവനാശത്തിലേക്ക് നയിക്കും. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസുള്ള ലാവ്‌ലിൻ കമ്പനിയുമായി മസാലബോണ്ടിടപാടിലൂടെ മുഖ്യമന്ത്രി കാണിക്കാൻ പോകുന്നതെന്താണ്? സി-ഡിറ്റ് നിർമ്മിച്ചിരുന്ന മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് പരിപാടി പാർട്ടി ചാനലിന് നൽകുന്നത് സ്വജനപക്ഷപാതമാണ്.

ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമത്തിൽ തലസ്ഥാനത്തെ ചില നേതാക്കൾ പോസ്റ്റിട്ടത് ആ സംവിധാനത്തിന്റെ ദുരുപയോഗമാണ്. പോസ്റ്റിട്ടയാൾ ക്ഷമാപണം നടത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.