തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി റെയിൽവേ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. റെയിൽവേ ജീവനക്കാരനായ മഹേഷ് മീണയെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോണും 5000 രൂപയും കവരുകയും ചെയ്ത സംഭവത്തിലായിരുന്നു അറസ്റ്റ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും മാധവപുരം സ്വദേശികളുമായ മൊട്ട അജീഷ് എന്ന അജീഷ്, അമ്പിളി എന്ന ഉന്മേഷ്, ഉന്മേഷിന്റെ സഹോദരനായ ഉഗീഷ് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ പേട്ട എസ്.ഐ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിസാർ, ജ്യോതി സുധാകർ, സിവിൽ പൊലീസുകാരായ ബിജു, രഞ്ജിത്ത്, ജയദേവൻ, സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
റെയിൽവേ ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന പ്രതികൾ രാത്രിയിൽ സ്ഥിരമായി ക്വാർട്ടേഴ്സിൽ അതിക്രമിച്ച് കടന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.