ശ്രീകാര്യം: മലേഷ്യയിലെ ഷിപ്പിംഗ് കമ്പനിയിൽ പരിശീലനത്തിനുപോയ തിരുവനന്തപുരം സ്വദേശി കപ്പലിൽ നിന്നു വീണ് കടലിൽ കാണാതായി. ശ്രീകാര്യം അലത്തറ വീട്ടിൽ ലംബോദരൻ നായരുടെയും ജയലതയുടെയും മകൻ ഇന്ദ്രജിത്തിനെയാണ് (26) കാണാതായത്. തിങ്കളാഴ്ച രാവിലെ 8 മണിക്കാണ് സംഭവം നടന്നത്.
നൂറുൽ ഇസ്ലാം എൻജിനിയറിംഗ് കോളേജിലെ ബി.ടെക് മെക്കാനിക്കൽ എൻജിനിയറിംഗ് പഠനശേഷം 10 മാസത്തെ പരിശീലനത്തിനായി പാലക്കാട്ടെ സ്വകാര്യ ഏജൻസി വഴി മലേഷ്യയിൽ എത്തിയതായിരുന്നു ഇന്ദ്രജിത്ത്. ഷിപ്പിംഗ് കമ്പനിയുടെ ഓഫീസിൽ നിന്ന് ഇന്ദ്രജിത്തിന്റെ വീട്ടിലേക്ക് ഇന്നലെ രാവിലെ ഫോൺ വിളിച്ചാണ് വിവരം അറിയിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. മലേഷ്യൻ ഷിപ്പിംഗ് കമ്പനിയുടെ മ്യു ഹുയത് എന്ന കപ്പലിലായിരുന്നു പരിശീലനം. സ്വകാര്യ കമ്പനി വഴി മലേഷ്യയിൽ എത്തിയ 15 പേരിൽ ഇന്ദ്രജിത്ത് ഉൾപ്പെടെ രണ്ട് മലയാളികളാണ് ഉണ്ടായിരുന്നത്. മണ്ണ് കയറ്റുന്ന കപ്പലിന്റെ ഡെക്ക് ക്ലീൻ ചെയ്യുന്നതിനിടയിൽ, മണ്ണിൽ കാൽ സ്ലിപ്പായി ഇന്ദ്രജിത്ത് കടലിൽ വീഴുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പാഞ്ഞത്. കപ്പൽ ചാലിന് സമീപം അടിയൊഴുക്കുള്ള ഭാഗത്താണ് വീണത്. സംഭവത്തെത്തുടർന്ന് മലേഷ്യയിലെ മറൈൻ പൊലീസും മലേഷ്യൻ കോസ്റ്റ് ഗാർഡും കടലിൽ പരിശോധന നടത്തിയെങ്കിലും ഇന്ദ്രജിത്തിനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ പരിശോധന അവസാനിപ്പിച്ച സംഘം ഇന്നലെ വീണ്ടും കടലിൽ പരിശോധന തുടർന്നെങ്കിലും വെളിച്ചക്കുറവ് കാരണം സന്ധ്യയോടെ പരിശോധന അവസാനിപ്പിക്കുകയായിരുന്നു. യുവാവിനെ കണ്ടെത്താൻ ഊർജിത ശ്രമം തുടരുകയാണെന്നും ഇന്ന് വീണ്ടും തെരച്ചിൽ നടത്തുമെന്നും ചെന്നൈയിലെ മലേഷ്യൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. അപകടമുണ്ടായ കപ്പലിൽ ഒപ്പം ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യാനായി മലേഷ്യൻ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദ്രജിത്തിന്റെ ബന്ധുക്കൾ നോർക്കയിലും സംസ്ഥാന ഡി.ജി.പിക്കും പരാതി നൽകി.