കാട്ടാക്കട:നെയ്യാർ ചീങ്കണ്ണി പാർക്കിൽ ചികിത്സയിലായിരുന്ന 47 വയസുള്ള ചീങ്കണ്ണി ചത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചയായി ചീങ്കണ്ണി പാർക്കിലും മരക്കുന്നത്തെ ഡോർമെറ്ററി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ജലം എത്തിക്കാൻ സംവിധാനം ഇല്ലായിരുന്നു. മോട്ടോർ തകരാറാണ് ഇതിന് കാരണമായി അധികൃതർ പറയുന്നത്. ചീങ്കണ്ണിക്ക് വെള്ളം നൽകുന്നതിൽ വീഴ്ച ഉണ്ടായതായും ഇതാണ് ചീങ്കണ്ണി ചാകാൻ കാരണമായതെന്നും ആരോപണമുണ്ട്. ഇതിനിടെ സഞ്ചാരികളുടെ യാത്ര മുടക്കി ചീങ്കണ്ണിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി വനം വകുപ്പിന്റെ ബസിൽ കൊണ്ടുപോകാനുള്ള ശ്രമം സഞ്ചാരികളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി. പലോട്ട് കോണ്ടുപോകുന്നതിനാണ് സഞ്ചാരികൾ യാത്ര ചെയ്യുന്ന ബസിലേക്ക് മാറ്റിയത്. അവധിക്കാലമായതിനാൽ നൂറുകണക്കിന് സഞ്ചാരികളാണ് നെയ്യാർഡാമിലെത്തുന്നത്. വിവിധ പാർക്കുകൾ സന്ദർശിക്കുന്നതിനായി രണ്ട് ബസുകളാണ് വനംവകുപ്പിനുള്ളത്. അതിലൊരെണ്ണം കട്ടപ്പുറത്താണ്. നിലവിൽ സൗകര്യമുള്ള ഒരു ബസിലാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. എന്നാൽ സഞ്ചാരികളുടെ യാത്രമുടക്കി ചീങ്കണ്ണിയെ കൊണ്ടുപോകാൻ ഒരുങ്ങിയതോടെയാണ് സന്ദർശകർ പ്രതിഷേധവുമായെത്തിയത്. തുടർന്ന് ചീങ്കണ്ണിയെ മറ്റൊരു വാഹനത്തിൽ കൊണ്ടുപോവുകയായിരുന്നു. മുൻപ് വന്യജീവികൾ ചത്താൽ വനംവകുപ്പിലെ ഡോക്ടർമാർ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം നടത്താറായിരുന്നു പതിവ്. എന്നാൽ അടുത്തിടെ ജീവനക്കാർ ജഡം പാലോട്ട് എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്കരിക്കുന്നത്.