തിരുവനന്തപുരം : ആറ്റുകാൽ മേഖലയിൽ സ്വീവേജ് സംവിധാനം നടപ്പാക്കാനുള്ള നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻവയ്ക്കുന്നു. 2009-10ൽ ജൻട്രം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പ്രവർത്തനം പലവിധ കാരണങ്ങളാൽ മുടങ്ങുകയായിരുന്നു. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടി പകുതിമാത്രമാണ് പൂർത്തിയായത്. പദ്ധതിക്കായി ഇനി ആവശ്യമുള്ള സ്ഥലം ക്ഷേത്രം വിട്ടുനൽകാമെന്ന് കഴിഞ്ഞ ദിവസം മേയർ വി.കെ. പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികൾ വ്യക്തമാക്കി.

യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.പുഷ്പലത, പാളയം രാജൻ, നഗരസഭ സെക്രട്ടറി എൽ.എസ്.ദീപ, ഡെപ്യൂട്ടി തഹസിൽദാർ എസ്.രാജശേഖരൻ, ലാൻഡ് അക്യുസിഷൻ ഡെപ്യൂട്ടി തഹസിൽദാർ എ.സൈബു, വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി.ആർ.വിപിൻചന്ദ്രൻ, നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സുരേഷ്‌കുമാർ .എസ് തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി ആറ്റുകാലിൽ പമ്പ്ഹൗസ് നിർമ്മിക്കാൻ ക്ഷേത്രം സ്ഥലംവിട്ടുനൽകും

 മൂന്നര കോടി ചെലവഴിച്ചാണ് നഗരസഭ സ്വകാര്യ ഭൂമി പദ്ധതിക്കായി ഏറ്റെടുത്തത്

പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകി

സ്ഥലങ്ങളുടെ സർവേയും ഡീമാർക്കേഷനും നടത്തുന്നതിനായി റവന്യൂ വകുപ്പിന് കത്ത് നൽകുന്നതിന് നഗരസഭ എൻജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി
സർവേ നടപടി 20ന് രാവിലെ 10ന് മുമ്പ് ആരംഭിക്കും

പദ്ധതി ഇങ്ങനെ

കാലടി, കാലടി സൗത്ത്, ആറ്റുകാൽ, കല്ലടിമുഖം എന്നിവിടങ്ങളിൽ പമ്പിംഗ് സ്റ്റേഷനുകളും സ്വീവേജ് ലൈനും സ്ഥാപിച്ച് മുട്ടത്തറ എസ്.ടി.പി പ്ലാന്റുമായി ബന്ധിപ്പിക്കുന്നതാണ് ആറ്റുകാൽ സിവറേജ് പദ്ധതി. ആറ്റുകാൽ, കാലടി, അമ്പലത്തറ, കളിപ്പാംകുളം, നെടുങ്കാട് എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി സ്വീവേജ് സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. കാലടി, കാലടിസൗത്ത്, കല്ലടിമുഖം എന്നിവിടങ്ങളിലായി അരഏക്കറോളം സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു.