വർക്കല: വിശാലവും സ്ഥല സൗകര്യവുമുള്ള വർക്കല മുനിസിപ്പൽ ബസ് സ്റ്റാൻഡ് യാത്രക്കാർ അവഗണിക്കുന്നു. വർക്കല വഴി കടന്നു പോകുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ സ്റ്റാൻഡിലെത്തുന്നുണ്ട്. എന്നാൽ യാത്രക്കാർ സ്റ്റാൻഡിന്റെ കവാടത്തിൽ നിന്നാണ് ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്.
ഏറെ നാൾ പൊട്ടിപ്പൊളിഞ്ഞു കിടന്ന സ്റ്റാൻഡിനകം ടാർ ചെയ്ത് നവീകരിച്ചെങ്കിലും യാത്രക്കാർ അകത്തുകയറില്ല. ശിവഗിരി റെയിൽവേ സ്റ്റേഷന് എതിർവശത്തായി ഏറെ സൗകര്യമായ സ്ഥലത്താണ് മുനിസിപ്പൽ ബസ് സ്റ്റാൻഡ്. ബസ് ഡ്രൈവർമാർ തോന്നിയ പടി ബസ് നിറുത്തി തുടങ്ങിയതോടെ പ്രധാന കവാടം സ്റ്റാൻഡായി മാറി. എവിടെ നിന്നാലും ബസ് നിറുത്തുമെന്നായതോടെ യാത്രക്കാർ സ്റ്റാൻഡിനുള്ളിലേക്ക് എത്താതെയുമായി. പല ബസുകളും സ്റ്റാൻഡിൽ കയറാതെ കവാടത്തിലെത്തി തിരിച്ചു പോകുന്നുണ്ട്. ഇത് റെയിൽവെ സ്റ്റേഷനു മുന്നിൽ ഗതാഗതപ്രശ്നങ്ങളും ഉണ്ടാക്കുന്നു.
യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രം ഇപ്പോൾ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായി മാറിയിരിക്കുകയാണ്. യാത്രക്കാരുടെ സാന്നിദ്ധ്യമില്ലാത്തതിനാൽ ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും നടക്കുന്നുണ്ട്. ഏറെ തിരക്കുളള റെയിൽവേ സ്റ്റേഷൻ റോഡിന്റെ മദ്ധ്യഭാഗത്തായി ബസുകൾ നിറുത്തിയിട്ട് മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിക്കുന്നത് പതിവ് കാഴ്ചയാണ്. ഗതാഗത നിയന്ത്റണത്തിനായി മുൻപ് ഹോംഗാർഡിന്റെയും ട്രാഫിക് പൊലീസിന്റെയും സേവനം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ലാതായി.