തിരുവനന്തപുരം: വിഖ്യാത സംവിധായകൻ മജീദ് മജീദിയുടെ ചിൽഡ്രൻസ് ഒഫ് ഹെവനും എം. മണികണ്ഠന്റെ തമിഴ് ചിത്രം കാക്കമുട്ടൈയും ഒരേ ദിവസം കുട്ടിപ്രേക്ഷകരുടെ മുന്നിലെത്തി. അന്താരാഷ്ട്ര ബാലചലച്ചിത്ര മേളയുടെ അഞ്ചാംദിനം അവിസ്മരണീയമാക്കിയത് ഈ രണ്ട് ചിത്രങ്ങളാണ്. ആഖ്യാന മികവും അവതരണവും അസാധാരണമായ അഭിനയ മികവും കൊണ്ടാണ് കാക്കമുട്ടൈ ചിൽഡ്രൻസ് ഒഫ് ഹെവൻ എന്ന ക്ലാസിക്കിനെ അനുസ്മരിപ്പിക്കുന്നത്. ഇന്ത്യയെന്ന യാഥാർത്ഥ്യത്തിലേക്ക് അറയ്ക്കാതെ വളച്ചുകെട്ടലില്ലാതെയാണ് കാമറ ചലിക്കുന്നത്.
വളരെ ദരിദ്രയായ പെൺകുട്ടിക്ക് നഷ്ടപ്പെട്ടുപോയ ഒരു ജോടി ചെരുപ്പിന്റെ കഥ. പക്ഷേ പ്രതിഭാശാലിയായ മാന്ത്രികന്റെ കൈയിൽ കിട്ടുന്ന വർണക്കടലാസും വളപ്പൊട്ടുകളും കൗതുകവസ്തുക്കളായി മാറുന്നതു പോലെ ഈ കുട്ടിയുടെ ചെരുപ്പിന്റെ കഥ സുപ്രസിദ്ധ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ കൈയിൽ കിട്ടിയപ്പോൾ ഹൃദയസ്പൃക്കായ ഒരു ചലച്ചിത്രമായി പുനർജ്ജനിക്കുകയായിരുന്നു. വളരെ ദരിദ്രരായ മാതാപിതാക്കളുടെ മക്കളായ അലിയും അനുജത്തി സാറയുമാണ് മജീദ് മജീദിയുടെ സിനിമയിലുള്ളത്.
ചെരുപ്പുകുത്തിയിൽ നിന്ന് നന്നാക്കി വാങ്ങിയ സാറയുടെ ചെരുപ്പുകൾ വഴിയിൽ വച്ച് ആകസ്മികമായി നഷ്ടപ്പെടുന്നു. തന്റെ പിതാവിന്റെ ദാരിദ്ര്യത്തെക്കുറിച്ച് നല്ല ബോധമുള്ള അലി ചെരിപ്പുകൾ നഷ്ടപ്പെട്ടതിൽ വളരെ ദുഃഖിതനായി. വീട്ടിൽ ചെന്ന് പെങ്ങളോട് ചെരുപ്പ് നഷ്ടപ്പെട്ട വിവരം പറയുകയും അത് അമ്മയോടും അച്ഛനോടും പറയരുതെന്നും അപേക്ഷിക്കുന്നു. അന്ന് രാത്രി ഹോം വർക്ക് ചെയ്യുന്നതിനിടെ പരസ്പരം കുറിപ്പുകൾ കൈമാറിക്കൊണ്ട് ചെരുപ്പിന്റെ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള തന്ത്രം മെനയുന്നു. അവിടെ നിന്നാണ് ചിൽഡ്രൻസ് ഒഫ് ഹെവനിലെ കഥ തുടങ്ങുന്നത്. കാക്കമുട്ടൈയിൽ ചെന്നൈ നഗരത്തിലെ ചേരികളിലൊന്നിൽ അമ്മൂമ്മയോടും അമ്മയോടുമൊപ്പം ജീവിക്കുന്ന വിഗ്നേഷും രമേഷുമാണുള്ളത്. അവർ സ്വയം വിളിക്കുന്നത് പെരിയ കാക്കമുട്ടൈയെന്നും ചിന്ന കാക്കമുട്ടൈയെന്നുമാണ്. ട്രെയിനിൽ നിന്ന് കൽക്കരി അടിച്ചുമാറ്റി വിൽക്കുകയാണ് കാക്കമുട്ടൈ സഹോദരങ്ങളുടെ പ്രധാന തൊഴിൽ. അതിനിടെ ഇടയ്ക്കവർ നഗരത്തിലേക്കിറങ്ങും. അവിടെയെല്ലാം മിന്നുന്ന കാഴ്ചകൾ. നഗരത്തിൽ അവർക്കൊരു കൂട്ടുകാരനുണ്ട് - ലോകേഷ്. അവന്റെ വാക്കുകൾ കേട്ട് കൊതിപറ്റി പലപ്പോഴും ഇരുവരും അമ്മയെയും അമ്മൂമ്മയെയും ഓരോ ആവശ്യങ്ങൾ പറഞ്ഞ് ശല്യപ്പെടുത്തും.അപ്പോഴെല്ലാം അമ്മ പറയും: 'ജീവിക്കാൻ പെടുന്ന പാട് എനിക്കേ അറിയൂ...'
നഗരത്തിൽ പുതുതായി വന്ന പീസ സ്റ്റോറാണ് അവരെ കൊതിപ്പിച്ചത്. പിന്നെ സംഭവിക്കുന്നതൊക്കെ ആരെയും നൊമ്പരപ്പെടുത്തുന്നത്. കുട്ടികളുടെ ജീവിതത്തിലേക്ക് കുട്ടിപ്രേക്ഷകരും ഇറങ്ങിച്ചെല്ലുകയായിരുന്നു.