തിരുവനന്തപുരം: ഒമാനിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ എട്ടുകോടി വിലയുള്ള 25 കിലോഗ്രാം സ്വർണം കടത്തിയതിന്റെ മുഖ്യ ഇടനിലക്കാർ തലസ്ഥാനത്തെ രണ്ട് അഭിഭാഷകരെന്ന് വിവരം.
ഇവരുടെ നേതൃത്വത്തിൽ ഗുണ്ടാസംഘം സ്വർണം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്നു. കാരിയർമാർ പിടിയിലായ വിവരമറിഞ്ഞ് എല്ലാവരും രക്ഷപ്പെട്ടു. സംഘത്തിലെ പ്രധാനിയായ കഴക്കൂട്ടം സ്വദേശിയായ ഒരു അഭിഭാഷകൻ ഒളിവിൽ പോയെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) സ്ഥിരീകരിച്ചു. ഇയാളെയും കൂട്ടാളികളെയും കണ്ടെത്താൻ ശ്രമം തുടങ്ങി.
വിമാനത്താവളത്തിന് പുറത്തെത്തുന്ന സ്വർണം സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതും പണമിടപാടുകൾ നടത്തുന്നതും ഗുണ്ടകളാണ്.
തിങ്കളാഴ്ച രാവിലെയെത്തിയ ഒമാൻ എയർവേയ്സിൽ സ്വർണം കടത്തിയ തിരുമല വിശ്വപ്രകാശം സ്‌കൂളിനു സമീപം താമസിക്കുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ (45), സുഹൃത്തും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനിയുമായ സെറീന ഷാജി (42) എന്നിവരാണ് ഡി.ആർ.ഐയുടെ പിടിയിലായത്. ഇവർക്കെതിരെ കൊഫെപോസ (വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും സംബന്ധിച്ച ചട്ടം) ചുമത്തും. ഇരുവരുടെയും വീടുകൾ പരിശോധിച്ച ഡി.ആർ.ഐ സംഘം ഒട്ടേറെ രേഖകൾ കണ്ടെത്തി. കഴക്കൂട്ടത്തെ അഭിഭാഷകൻ വഴിയാണ് സെറീന സുനിൽകുമാറിനെ പരിചയപ്പെട്ടത്. രണ്ടുപേരും സന്ദർശക വിസയിലാണ് ശനിയാഴ്ച ദുബായിലേക്ക് പോയത്. അവിടെ നിന്ന് സ്വർണവുമായി ഒമാൻ വഴി തിരുവനന്തപുരത്തേക്കെത്തുകയായിരുന്നു. സ്വർണ ബാറുകൾ ആർക്കുവേണ്ടിയാണ് കടത്തിയതെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരും ഉടൻ പിടിയിലാവുമെന്നും ഡി.ആർ.ഐ അറിയിച്ചു. സെറീനയുമായി ചേർന്ന് സുനിൽകുമാർ ആറുമാസത്തിനിടെ അഞ്ചുതവണ സ്വർണം കടത്തിയതായി ഡി.ആർ.ഐ കണ്ടെത്തി. കഴിഞ്ഞ നവംബർ മുതൽ ഇരുവരും സ്വർണക്കടത്ത് സംഘത്തിലെ കാരിയർമാരായി പ്രവർത്തിച്ചുവരികയായിരുന്നു. സെറീനയ്ക്ക് ഒരു കിലോ സ്വർണം കടത്തുന്നതിന് 10,000 രൂപ വീതമാണ് പ്രതിഫലമായി ലഭിച്ചിരുന്നതെന്നാണ് മൊഴി. കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായ സുനിൽ കുമാർ കഴിഞ്ഞ ഏഴുവർഷമായി ജോലിക്ക് പോകുന്നില്ല. ഇതിന്റെ പേരിൽ കെ.എസ്.ആർ.ടി.സിയുടെ അച്ചടക്ക നടപടികൾ നേരിടുന്ന സുനിൽകുമാർ സ്വർണക്കടത്തിലൂടെ വൻതോതിൽ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ സ്വത്തുവകകളും ബാങ്ക് നിക്ഷേപങ്ങളും കണ്ടെത്താൻ ഡി.ആർ.ഐ ശ്രമിക്കുന്നുണ്ട്. അതേസമയം, നാല്പത് തവണ സെറീന സ്വർണം കടത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ദുബായിൽ ബ്യൂട്ടിപാർലർ നടത്തുന്നതായാണ് സെറീന ഡി.ആർ.ഐയ്ക്ക് നൽകിയ മൊഴി.
വിമാനത്താവളത്തിലെ
ജീവനക്കാരെയും സംശയം
സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ സഹായിച്ചെന്ന് കരുതുന്ന വിമാനത്താവളത്തിലെ ജീവനക്കാരിൽ ചിലരെ ചോദ്യം ചെയ്യുകയാണ്. ഇവരുടെ ഫോൺ, ഇ-മെയിൽ വിലാസങ്ങളുൾപ്പെടെയുള്ള വിവരങ്ങൾ ഡി.ആർ.ഐ പരിശോധിക്കുന്നുണ്ട്. ജീവനക്കാരുടെ സഹായമുള്ളതിനാൽ കസ്റ്റംസ് പരിശോധനകളൊന്നും കൂടാതെ സുരക്ഷിതമായി സ്വർണം പുറത്ത് കടത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഹാൻഡ് ബാഗിലാക്കി സ്വർണബാറുകൾ കടത്തിക്കൊണ്ടുവന്നത്. വിമാനത്താവളത്തിൽ ആറു മാസത്തിനിടെ 100 കിലോഗ്രാമിലേറെ സ്വർണം കടത്തിയ നാല് വിമാനത്താവള ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും അടുത്തിടെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നു. ഒരു കിലോ സ്വർണം പുറത്തെത്തിച്ചാൽ അറുപതിനായിരം രൂപയാണ് കൂലി.