vaishnavi-

തിരുവനന്തപുരം: എം.ബി.എ രണ്ടാം വർഷ വിദ്യാർത്ഥി. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്. ഡോക്ടർ ആകണമെന്ന ആഗ്രഹത്തോടെ ആദ്യം കൈവിട്ട നീറ്റ് പരീക്ഷയെ വീണ്ടും നേരിട്ട് പ്രതീക്ഷയോടെ ഫലം കാത്തിരിക്കുന്ന മിടുക്കി. ബാങ്കിന്റെ ജപ്‌തി ഭീഷണിയെ തുടർന്ന് ഇന്നലെ ആത്മഹത്യ ചെയ്ത മാരായമുട്ടം സ്വദേശി വൈഷ്ണവി പാലാ ബ്രില്യൻസിലും പിന്നാലെ തിരുവനന്തപുരത്തെ എൻട്രൻസ് കോച്ചിംഗ് സെന്ററിലും പഠിച്ചാണ് നീറ്റ് എഴുതിയത്. ഡോക്ടറാകണമെന്ന ആഗ്രഹത്തോടെ സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കാൻ വിദ്യാഭ്യാസ വായ്പ കിട്ടുമോയെന്ന് അച്ഛനോടൊപ്പം പോയി അന്വേഷിച്ച് കാത്തിരിക്കവേയാണ് കാനറാ ബാങ്കിന്റെ ജപ്‌തി ഭീഷണി എത്തിയത്.
വൈഷ്ണവിയുടെ പിതാവ് ചന്ദ്രൻ മടങ്ങിയെത്തിയ ശേഷമാണ് ഭവനവായ്പ തിരിച്ചടയ്ക്കുന്നതിന്‌ മുടക്കം വന്നത്. ഏക മകളായ വൈഷ്ണവിയുടെ പഠനത്തിനായി ഒരുപാട് പണം ചെലവഴിക്കേണ്ടിവന്നപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായതാണ് തിരിച്ചടവിന് മുടക്കം ഉണ്ടായതിന് കാരണമെന്ന് പിതാവ് ചന്ദ്രൻ പറഞ്ഞു. വീടും സ്ഥലവും വിറ്റാണെങ്കിലും പണം അടയ്ക്കാമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ചന്ദ്രൻ. പക്ഷേ,​ വീട് വില്ക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കൂടുതൽ അവധി ചോദിച്ചു, പക്ഷേ,​ ബാങ്ക് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഭീഷണിയെ അതീജീവിച്ച്‌ ഡോക്ടറാകാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയുടെ പ്രതീക്ഷകൾ മാത്രമല്ല, ഒരു കുടുംബത്തെകൂടിയാണ് ‌ബാങ്ക് അധികൃതർ തകർത്തത്. വിദ്യാധിരാജ സ്‌കൂളിൽ പത്താം ക്‌ളാസ് വരെ പഠനം നടത്തിയ വൈഷ്ണവി, നെയ്യാറ്റിൻകര കോൺവെന്റ് സ്‌കൂളിലാണ് പ്ലസ് ടു പൂർത്തിയാക്കിയത്. പനച്ചമൂട് വൈറ്റ് മെമ്മോറിയൽ കോളേജിൽ എം.ബി.എ രണ്ടാം വർഷം പഠിക്കുകയായിരുന്നു.

എൻജിനീയറാകണമെന്ന മോഹത്തോടെ പഠിച്ച രജനി എസ് .ആനന്ദിന് വിദ്യാഭ്യാസ ലോൺ ലഭിക്കാതെ വന്നപ്പോൾ പരീക്ഷ കൺട്രോളറുടെ ഓഫീസിന് മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് വർഷങ്ങൾക്കു ശേഷമുണ്ടായ വൈഷ്ണവിയുടെ ആത്മഹത്യക്ക് പിന്നിലും ബാങ്കിന്റെ കണ്ണിൽ ചോരയില്ലാത്ത സമീപനത്തിന്റെ ക്രൂരതയുണ്ട്.