bank-confication

തിരുവനന്തപുരം:അഞ്ച് ലക്ഷം രൂപ ഭവനവായ്‌പയെടുത്ത് എട്ട് ലക്ഷം തിരിച്ചടച്ചിട്ടും 6.8 ലക്ഷം കൂടി അടയ്‌ക്കണമെന്ന ബാങ്കുകാരുടെ നിരന്തര സമ്മർദ്ദവും ജപ്തി നോട്ടീസും താങ്ങാനാവാതെ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കട വൈഷ്‌ണവി ഭവനിൽ ചന്ദ്രൻ രുദ്രന്റെ ഭാര്യ ലേഖ (41)​,​ ഏക മകൾ വൈഷ്‌ണവി (19)​ എന്നിവരാണ് വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം . വിദേശത്തായിരുന്ന ചന്ദ്രൻ വീട് വയ്‌ക്കാൻ 15 വർഷം മുമ്പ് കാനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൈയിലുണ്ടായിരുന്ന 12 ലക്ഷം രൂപയും ചേർത്ത് കുടുംബസ്വത്തായി കിട്ടിയ പത്തര സെന്റിൽ രണ്ട് വർഷം കൊണ്ട് വീട് പൂർത്തിയാക്കി.

എട്ട് ലക്ഷം രൂപയോളം ബാങ്കിൽ തിരിച്ചടച്ചു. 2010മുതൽ തിരിച്ചടവ് മുടങ്ങി.

മുതലും പലിശയും ചേർത്ത് 6.80 ലക്ഷമായി. തിരിച്ചടവിനായി ബാങ്കുകാർ ലേഖയേയും മകളേയും നിരന്തരം ബന്ധപ്പെട്ടിരുന്നു. ബാങ്കുകാരുടെ സമ്മർദ്ദം സഹിക്കാനാവാതെ വന്നതോടെ ചന്ദ്രൻ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ചന്ദ്രനെയും ബാങ്കുകാർ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച ബാങ്ക് മാനേജരും സംഘവും വീട്ടിലെത്തി അഞ്ച് ദിവസത്തിനകം ലോൺ അടച്ചുതീർത്തില്ലെങ്കിൽ ജപ്‌തി ചെയ്യുമെന്ന് അറിയിച്ചു. ഇന്നലെ 12.30ന് മുൻപായി അടച്ചു തീർക്കാം, അല്ലെങ്കിൽ ജപ്തിയുമായി ബാങ്കിന് മുന്നോട്ടുപോകാം എന്ന് ചന്ദ്രനിൽ നിന്ന് എഴുതി വാങ്ങുകയും ചെയ്തു. അതിൽ ലേഖയും വൈഷ്‌ണവിയും ഒപ്പിടുകയും ചെയ്‌തു. ജപ്തി ചെയ്താൽ തങ്ങൾ ജീവിച്ചിരിക്കില്ലെന്ന് മാനേജരുടെ മുന്നിൽ വച്ച് ലേഖ പറഞ്ഞിരുന്നു. ബാങ്ക് കോടതിയിൽ നിന്ന് ജപ്തിക്ക് അനുമതിയും വാങ്ങി.

കടം വീട്ടാൻ 50 ലക്ഷം രൂപയ്ക്ക് വീടും വസ്തുവും വിൽക്കാനായിരുന്നു ചന്ദ്രന്റെ ശ്രമം. ഇതിനായി ബ്രോക്കർമാരെയും ഏൽപിച്ചു. ഈ തുകയ്ക്ക് ആരും വാങ്ങാനെത്തിയില്ല. ഒടുവിൽ 24 ലക്ഷം രൂപയ്ക്ക് ബാലരാമപുരം സ്വദേശി വീട് വാങ്ങാമെന്ന് സമ്മതിച്ചു. അവർ അഡ്വാൻസുമായി ഇന്നലെ രാവിലെ വരേണ്ടതായിരുന്നു. അവരെത്താതിരുന്നതോടെ ചന്ദ്രനും കുടുംബവും ആശങ്കയിലായി. ഇന്നലെ ഉച്ചയോടെ ജപ്തിചെയ്യാൻ വരുന്നതായി ബാങ്കിൽ നിന്ന് ഫോൺ വന്നു. അയൽവാസികളുമായി ഇതേക്കുറിച്ച് ചന്ദ്രൻ സംസാരിച്ചു നിൽക്കുന്നതിനിടെ ലേഖ വീട്ടിലേക്ക് കയറിപ്പോയി വാതിലടച്ചു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് വൈഷ്‌ണവിയുടെയും തന്റെയും ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തി. ചന്ദ്രന്റെ അമ്മയുടെ നിലവിളി കേട്ട് ചന്ദ്രനും അയൽവാസികളും ചേർന്ന് വാതിൽ തുറന്നപ്പോൾ ഇരുവരുടേയും ശരീരത്തിൽ തീ ആളിപ്പടർന്നിരുന്നു. ഇരുവരേയും ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദേഹമാസകലം പൊള്ളലേറ്റ വൈഷ്‌ണവി മരിച്ചു. 90 ശതമാനം പൊള്ളലേറ്റ ലേഖയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ഏഴ് മണിയോടെ മരിച്ചു. വൈഷ്‌ണവിയുടെ മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലാണ്.

ക്ഷുഭിതരായ നാട്ടുകാർ കാരക്കോണത്തേക്കുള്ള റോഡ് ഉപരോധിച്ചു. നെയ്യാറ്റിൻകര സി.ഐ,​ മാരായമുട്ടം എസ്.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തഹസീൽദാറും നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഉപരോധം പിൻവലിച്ചത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അവധിയിൽ ആയതിനാൽ ഇന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി എത്തി കേസ് രജിസ‌്റ്റർ ചെയ്യും. നെയ്യാറ്റിൽകരയിലെ കാനറാ ബാങ്ക് ശാഖയ്ക്ക് മുന്നിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലും നാട്ടുകാർ ധർണ നടത്തി.